മനസ്സിലെ ആദ്യ പദ്ധതി വെളിപ്പെടുത്തി 'മേയര്‍'; വാഗ്ദാനങ്ങളെല്ലാം പാലിക്കുമെന്നും വി വി രാജേഷ്

Thursday 25 December 2025 7:16 PM IST

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ അടിയന്തരമായി നടപ്പിലാക്കുന്നതിന് തന്റെ മനസ്സിലുള്ള പദ്ധതിയേതെന്ന് വെളിപ്പെടുത്തി വി.വി രാജേഷ്. നഗരസഭയിലെ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപനം വന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.വി രാജേഷ്. ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും തെരുവ് നായ പ്രശ്‌നമാണ് അടിയന്തരമായി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2036ല്‍ ഇന്ത്യ ഒളിമ്പിക്‌സിന് വേദിയാകുമ്പോള്‍ ഒരു മത്സര ഇനം തിരുവനന്തപുരത്ത് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 5 വര്‍ഷം അഴിമതിക്കെതിരായ പോരാട്ടം ഭരണത്തിലെത്താന്‍ സഹായിച്ചു. ശക്തമായ പ്രതിപക്ഷമുള്ളതിനെ സന്തോഷത്തോടെയാണ് കാണുന്നത്. തിരുത്തല്‍ ശക്തിയായി പ്രതിപക്ഷമുള്ളപ്പോഴാണ് ആരോഗ്യപരമായ സംവാദങ്ങള്‍ ഉണ്ടാവുന്നതെന്നും വിവി രാജേഷ് പറഞ്ഞു. ഒരുപാട് പാര്‍ട്ടി പ്രവര്‍ത്തകരുടേയും നേതാക്കളുടേയും കൂട്ടായ ശ്രമത്തിന്റെ ഭാഗമാണ് വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാത പിന്തുടര്‍ന്ന് വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. ബിജെപിക്ക് അര്‍ഹതപ്പെട്ടതാണ് തിരുവനന്തപുരത്തെ കോര്‍പറേഷന്‍ ഭരണം. അവിടെ വ്യക്തികള്‍ക്കു സ്ഥാനമില്ല. 45 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തി വികസന പദ്ധതികള്‍ പ്രഖ്യാപിക്കും.- രാജേഷ് കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്ന് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി ജിഎസ് ആശനാഥും പ്രതികരിച്ചു.