ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപണം; ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

Thursday 25 December 2025 9:36 PM IST

ധാക്ക: കലാപം പുകയുന്ന ബംഗ്ലാദേശില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഹിന്ദു യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാജ്ബരി ജില്ലയിലാണ് അമൃത് മൊണ്ടല്‍ എന്ന യുവാവിനെ അടിച്ച് കൊന്നത്. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നത്. പൊലീസിനെ ഉദ്ധരിച്ച് ബംഗ്ലാദേശി മാദ്ധ്യമമായ ഡെയ്‌ലി സ്റ്റാര്‍ ആണ് കൊലപാതക വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അമൃത് ക്രിമിനല്‍ സംഘത്തില്‍പ്പെട്ടയാളാണെന്നും ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന വ്യക്തിയാണെന്നും ഗ്രാമവാസികള്‍ പൊലീസിനോട് പറഞ്ഞു. ഇതേ ഗ്രാമത്തില്‍ നിന്നുള്ള പൗരനാണ് കൊല്ലപ്പെട്ട അമൃത് മൊണ്ടല്‍ എന്നാണ് പൊലീസ് പറയുന്നത്.ബുധനാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് അമൃതിനെ പ്രദേശവാസികള്‍ ചേര്‍ന്ന് മര്‍ദിച്ചത്. വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തുകയും ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ അമൃതിനെ പാങ്ഷ ഉപ്സിലാ ഹെല്‍ത്ത് കോംപ്ലക്സിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ അമൃത് മരിച്ചു.

ഗ്രാമവാസികള്‍ ഇയാളുടെ ശല്യത്താല്‍ പൊറുതിമുട്ടിയിരുന്നുവെന്നാണ് ചിലര്‍ പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ ദിവസം തലസ്ഥാനനഗരമായ ധാക്കയില്‍ നടന്ന സ്‌ഫോടനത്തിലും ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മറ്റൊരു ഹിന്ദു യുവാവ് ബംഗ്ലാദേശില്‍ കൊലചെയ്യപ്പെട്ടത്. മൈമെന്‍സിങ്ങിലെ ഭലൂകയില്‍ തുണി നിര്‍മാണശാല ജീവനക്കാരനായ ദിപു ചന്ദ്രദാസ് എന്ന യുവാവിനെ മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം ധാക്കയിലെ മോഗ്ബസാറിലെ മേല്‍പ്പാലത്തില്‍ നിന്ന് കലാപകാരികള്‍ സ്ഫോടനവസ്തുക്കള്‍ താഴേക്കെറിഞ്ഞതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. കലാപകാരികള്‍ സ്ഫോടകവസ്തുക്കള്‍ താഴേക്ക് എറിയുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ധാക്ക നഗരത്തിലെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മാരകത്തിന് സമീപമാണ് സ്ഫോടനം നടന്നത്. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇയാള്‍ പിന്നീട് മരിക്കുകയുമായിരുന്നു. ധാക്കയിലെ ഒരു സ്വകാര്യ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന സിയാം എന്നയാളാണ് ബുധനാഴ്ചയിലെ സ്ഫോടനത്തില്‍ മരിച്ചത്.