പിണക്കം അവസാനിപ്പിച്ച് ദീപ്തി മേരി വര്‍ഗീസ്; കൊച്ചിയില്‍ കോണ്‍ഗ്രസിന് ആശ്വാസം

Thursday 25 December 2025 11:07 PM IST

കൊച്ചി: നേതൃത്വവുമായി ഇടഞ്ഞ് നിന്ന കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് പരിഭവം അവസാനിപ്പിച്ചു. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിനെ തുടര്‍ന്ന് പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അനുനയത്തിലേക്ക് വന്നിരിക്കുകയാണ്. കൊച്ചിയില്‍ ടേം വ്യവസ്ഥയില്‍ മേയര്‍മാരാകുന്ന വി.കെ മിനിമോള്‍, ഷൈനി മാത്യു എന്നിവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് ദീപ്തി മേരി വര്‍ഗീസ് ഇപ്പോള്‍. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ദീപ്തി തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്.

പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിസന്ധിക്ക് കാരണമായ വിഷയത്തില്‍ കാര്യങ്ങള്‍ പരിഹരിക്കപ്പെട്ടത് നേതൃത്വത്തിനും ആശ്വാസമായി. പാര്‍ട്ടി സര്‍ക്കുലര്‍ പാലിക്കാതെയാണ് മേയര്‍ തിരഞ്ഞെടുപ്പ് നടന്നതെന്ന ആരോപണമാണ് ദീപ്തി മേരി വര്‍ഗീസ് നേരത്തെ ഉന്നയിച്ച ആരോപണം. മാത്യു കുഴല്‍നാടന്‍, അജയ് തറയില്‍ എന്നീ നേതാക്കള്‍ ദീപ്തിയെ പരസ്യമായി പിന്തുണച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. അതേസമയം ദീപ്തിക്ക് അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്നത് ഉള്‍പ്പെയുള്ള സമവായ ചര്‍ച്ചകള്‍ നടന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് നേരത്തെ പുറത്തുവന്ന സൂചനകള്‍.

സാമുദായിക പരിഗണനകളും സമ്മര്‍ദങ്ങളും തീരുമാനങ്ങള്‍ക്കു പിന്നിലുണ്ടായെങ്കിലും ഏറെ നിര്‍ണായകമായതു പാര്‍ട്ടി കൗണ്‍സിലര്‍മാരുടെ തീരുമാനമാണ്.കോണ്‍ഗ്രസ് സീനിയര്‍ നേതാവ് എന്‍. വേണുഗോപാല്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഓരോരുത്തരെയായി വിളിച്ച് അഭിപ്രായം തേടി. ഷൈനി മാത്യുവിനെ 21 പേരും മിനിമോളെ 17 പേരും പിന്തുണച്ചു.

സാമുദായിക സമവാക്യങ്ങളാണ് ദീപ്തി മേരി വര്‍ഗീസിന് തിരിച്ചടിയായത്. ഇടതുപക്ഷം സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിട്ടും കൊച്ചി നഗരഭരണം നഷ്ടപ്പെടുകയായിരുന്നു. കൊച്ചിയില്‍ അധികാരത്തിലേക്ക് മടങ്ങിയെത്താനായതിന് പിന്നില്‍ ലത്തീന്‍ സഭയുടെ വലിയ പിന്തുണയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സഭയെ പിണക്കുന്നത് ബുദ്ധിയല്ലെന്ന തീരുമാനമാണ് ദീപ്തിക്ക് തിരിച്ചടിയായത്.

മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ ദീപ്തിക്ക് കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ദീപ്തിക്ക് ജയസാദ്ധ്യതയുള്ള ഒരു സീറ്റ് നല്‍കാമെന്ന ഉറപ്പാണ് ഇപ്പോള്‍ പാര്‍ട്ടി നല്‍കിയിരിക്കുന്നത്. അതുപോലെ തന്നെ സംഘടനാ രംഗത്തും കൂടുതല്‍ ഉയര്‍ന്ന പദവിയും നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ ദീപ്തിക്ക് പാര്‍ട്ടി നല്‍കിയേക്കും. നഗരസഭ കൗണ്‍സിലര്‍, കെപിസിസി ഭാരവാഹി എന്നീ നിലയില്‍ ദീപ്തിയുടെ പ്രവര്‍ത്തനങ്ങളോട് വലിയ എതിര്‍പ്പ് നേതൃത്വത്തിനില്ല.