തലസ്ഥാനത്ത് സ്വതന്ത്രന്റെ പിന്തുണ ബിജെപിക്ക്; പാലായില്‍ കേരള കോണ്‍ഗ്രസ് എം പ്രതിപക്ഷത്ത്

Thursday 25 December 2025 11:35 PM IST

തിരുവനന്തപുരം: തലസ്ഥാനത്ത് ചരിത്രത്തലാദ്യമായി ഭരണത്തിലേറുന്ന ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചു. കണ്ണമ്മൂല വാര്‍ഡില്‍ നിന്ന് വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി പാറ്റൂര്‍ രാധാകൃഷ്ണന്‍ പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപിയുടെ അംഗസംഖ്യ 51 ആയി. രാധാകൃഷ്ണന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് പാര്‍ട്ടിക്ക് കേവലഭൂരിപക്ഷം ഉറപ്പായത്. മേയര്‍ സ്ഥാനാര്‍ത്ഥിയായി വി.വി രാജേഷിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാധാകൃഷ്ണന്‍ പിന്തുണ അറിയിച്ചത്.

കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി പാറ്റൂര്‍ രാധാകൃഷ്ണന്‍ ചര്‍ച്ച നടത്തിയിരുന്നു. വികസിത അനന്തപുരിയെന്ന ആശയവുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് രാധാകൃഷ്ണന്റെ കാഴ്ചപ്പാടെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്. അതേസമയം, മേയര്‍ തിരഞ്ഞെടുപ്പില്‍ താന്‍ ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് കരുതി അഞ്ച് വര്‍ഷവും ബിജെപിയെ പിന്തുണയ്ക്കുമെന്ന് ഉറപ്പില്ലെന്നാണ് രാധാകൃഷ്ണന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മേയര്‍ തിരഞ്ഞെടുപ്പിന് മാത്രമാണ് പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.

പാലായില്‍ 21കാരി ദിയ അദ്ധ്യക്ഷ, കേരള കോണ്‍ഗ്രസ് പ്രതിപക്ഷത്ത്

പാലാ നഗരസഭയില്‍ പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫ് ഭരണം ഉറപ്പിച്ചു. ഫലപ്രഖ്യാപനത്തിന് പിന്നാലെ ആരംഭിച്ച ചര്‍ച്ചകള്‍ക്കൊടുവിലാണ് പിന്തുണ യുഡിഎഫിന് എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചര്‍ച്ചയില്‍ പുളിക്കകണ്ടം കുടുംബം മുന്നോട്ട് വെച്ച കാര്യങ്ങള്‍ യുഡിഎഫ് അംഗീകരിക്കുകയായിരുന്നു. ദിയ ബിനു പുളിക്കകണ്ടം ആദ്യ ടേം ചെയര്‍പേഴ്‌സണാകും. 21 വയസുകാരിയാണ് ദിയ ബിനു. പ്രായം വെറും നമ്പര്‍ മാത്രമാണെന്നും പാലായുടെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്നും ദിയ പ്രതികരിച്ചു.

പാലാ നഗരസഭയില്‍ ആദ്യമായി കേരള കോണ്‍ഗ്രസ് എം പ്രതിപക്ഷത്താണ്. എല്‍ഡിഎഫ് നേതൃത്വം പുളിക്കകണ്ടം കുടുംബവുമായി ചര്‍ച്ച നടത്തിയെങ്കിലും മുന്നോട്ടുവച്ച സമവായം അംഗീകരിക്കപ്പെട്ടില്ല. ഇതോടെയാണ് പിന്തുണ യുഡിഎഫിലേക്ക് പോയത്. ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം, ദിയ ബിനു പുളിക്കകണ്ടം എന്നിവരാണ് പുളിക്കകണ്ടം കുടുംബത്തില്‍ നിന്നും വിജയിച്ച കൗണ്‍സിലര്‍മാര്‍. എല്‍ഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷമില്ലാത്ത പാല നഗരസഭയില്‍ സ്വതന്ത്രരായി ജയിച്ച പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് കൗണ്‍സിലര്‍മാരുടെ തീരുമാനം നിര്‍ണായകമായി.

അദ്ധ്യക്ഷ സ്ഥാനം നല്‍കുന്നവരെ പിന്തുണയ്ക്കുമെന്നാണ് പുളിക്കകണ്ടം കുടുംബം മുന്നോട്ട് വെച്ച ആവശ്യം. ആകെയുള്ള 26 സീറ്റില്‍ 12 സീറ്റിലും എല്‍ഡിഎഫ് ആണ് വിജയിച്ചത്. പത്ത് സീറ്റില്‍ യുഡിഎഫും വിജയിച്ചു. നാലിടത്താണ് സ്വതന്ത്രര്‍ വിജയിച്ചത്. 19ാം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാഹുല്‍ ആണ് പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പുറമേ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്.