ഓൺലൈൻ ബെറ്റിംഗ് ആപ്പുവഴി നഷ്ടമായത് ലക്ഷങ്ങൾ; മനംനൊന്ത് 18കാരൻ ജീവനൊടുക്കി
ഹൈദരാബാദ്: ബെറ്റിംഗ് ആപ്പ് വഴി ലക്ഷങ്ങൾ നഷ്ടപ്പെട്ടതിനെ തുടർന്ന് 18കാരൻ ജീവനൊടുക്കി. ഹൈദരാബാദ് കൺഡുക്കൂർ സ്വദേശി വിക്രം ആണ് മരിച്ചത്. ഓൺലൈൻ ബെറ്റിംഗ് ആപ്പിലൂടെ ഒരു ലക്ഷം രൂപയാണ് വിക്രമിന് നഷ്ടമായത്. ഇതിൽ മനംനൊന്ത് കീടനാശിനി കഴിച്ചായിരുന്നു വിക്രം ആത്മഹത്യ ചെയ്തത്. വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സമാനമായി കഴിഞ്ഞ ആഴ്ചകളിൽ രണ്ട് സ്ഥലങ്ങളിലാണ് ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായ രണ്ടുപേർ ജീവനൊടുക്കിയത്. ഹൈദരാബാദിലും മദ്ധ്യപ്രദേശിലുമാണ് ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തത്.
ഹൈദരാബാദിലെ ടാക്സി ഡ്രൈവറായ പാലാടുഗു സായി (24) എന്ന യുവാവ് 15 ലക്ഷം രൂപയുടെ കടബാധ്യതയെത്തുടർന്നാണ് ജീവനൊടുക്കിയത്. രണ്ട് വർഷമായി ഓൺലൈൻ ബെറ്റിംഗ് ആപ്പുകൾക്ക് അടിമയായിരുന്ന ഇയാൾ സുഹൃത്തുക്കളിൽ നിന്നും ബാങ്കുകളിൽ നിന്നും വൻതുകകളാണ് കടമെടുത്തിരുന്നത്.
അതേസമയം മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ 32 കാരനായ സിവിൽ കോൺട്രാക്ടർ 30 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെത്തുടർന്നാണ് ആത്മഹത്യ ചെയ്തത്. ഏവിയേറ്റർ എന്ന ഓൺലൈൻ ഗെയിം കളിച്ചാണ് ഇയാൾക്ക് പണം നഷ്ടമായതെന്ന് പൊലീസ് പറയുന്നു.