ഇന്ത്യൻ സൈനികർക്ക് ഇനി മുതൽ ഇൻസ്റ്റഗ്രാം ഉപയോഗിക്കാം; പക്ഷേ ചില കാര്യങ്ങൾ പാടില്ല, ഉത്തരവിട്ട് സൈന്യം
ന്യൂഡൽഹി: സൈനികരുടെ സോഷ്യൽ മീഡിയ ഉപയോഗം സംബന്ധിച്ച നയങ്ങളിൽ മാറ്റം വരുത്തി ഇന്ത്യൻ സൈന്യം. ഇനി മുതൽ സൈനികർക്കും ഉദ്യോഗസ്ഥർക്കും ഇൻസ്റ്റഗ്രാം ഉപയോഗിക്കാമെങ്കിലും പോസ്റ്റ്, ലൈക്ക്, കമന്റ്, ഷെയർ എന്നിവ ചെയ്യാൻ പാടില്ല. എല്ലാ സൈനിക യൂണിറ്റുകൾക്കും വകുപ്പുകൾക്കും ഈ നിബന്ധന ബാധകമാണ്. ഈ നീക്കത്തെ പാസീവ് പാർട്ടിസിപ്പേഷൻ എന്നാണ് സേന വിശേഷിപ്പിക്കുന്നത്.
സൈനികർക്കിടയിൽ വിവരസാങ്കേതിക അവബോധം വളർത്തുന്നതിനാണ് ഈ ഇളവ് നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കാനും ഇതിലൂടെ സൈനികർക്ക് കഴിയും. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് മിലിട്ടറി ഇന്റലിജൻസ് വഴി പുറപ്പെടുവിച്ച ഈ ഉത്തരവ് പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. മാർഗനിർദേശങ്ങൾ എല്ലാ സൈനിക യൂണിറ്റുകൾക്കും വകുപ്പുകൾക്കും അയച്ചിട്ടുണ്ട്.
വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായി വ്യത്യസ്‌ത മാർഗനിർദേശങ്ങളാണ് സേന പുറപ്പെടുവിച്ചിരിക്കുന്നത്. വാട്‌സാപ്പിലും സ്‌കൈപ്പിലും പൊതുവായ വിവരങ്ങൾ കൈമാറാൻ അനുമതിയുണ്ട്. ടെലഗ്രാം, സിഗ്നൽ എന്നീ മാദ്ധ്യമങ്ങളിൽ പരിചയമുള്ള ആളുകളുമായി മാത്രം ആശയവിനിമയം നടത്താം. സന്ദേശം സ്വീകരിക്കുന്ന ആളെ കൃത്യമായി തിരിച്ചറിയേണ്ട ഉത്തരവാദിത്വം സൈനികനാണ്.
യൂട്യൂബ്, എക്‌സ്, ക്വോറ എന്നിവയിലൂടെ വിവരങ്ങൾ ശേഖരിക്കാൻ അനുമതിയുണ്ട്. എന്നാൽ, സ്വന്തം നിലയിൽ ഉള്ളടക്കങ്ങളോ സന്ദേശങ്ങളോ അപ്‌ലോഡ് ചെയ്യാൻ പാടില്ല. ലിങ്ക്‌ഡ് ഇന്നിൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ബയോഡാറ്റ അപ്‌ലോഡ് ചെയ്യാൻ മാത്രമേ അനുവാദമുള്ളു. സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് വിപിഎൻ, ടോറന്റ് വെബ്‌സൈറ്റുകൾ, ക്രാക്ക‌്‌ഡ് സോഫ്‌റ്റ്‌വെയറുകൾ, അജ്ഞാത വെബ് പ്രോക്‌സികൾ എന്നിവ ഉപയോഗിക്കുന്നതിനെതിരെ സേന ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2019ൽ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അംഗമാകുന്നതിൽ നിന്ന് സൈനികരെ വിലക്കിയിരുന്നു. പിന്നീട് 2020ൽ സുരക്ഷാ കാരണങ്ങളാൽ ഫേസ്‌ബുക്കും ഇൻസ്റ്റഗ്രാമും ഉൾപ്പെടെ 89 മൊബൈൽ ആപ്പുകൾ ഫോണുകളിൽ നിന്ന് നീക്കം ചെയ്യാനും ഉത്തരവിട്ടിരുന്നു.