യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ദീർഘദൂര ട്രെയിനുകളിൽ ഇന്ന് മുതൽ നിരക്ക് വർദ്ധിക്കും, മാറ്റങ്ങൾ ഇങ്ങനെ

Friday 26 December 2025 10:20 AM IST

ന്യൂഡൽഹി: രാജ്യത്ത് ദീർഘദൂര ട്രെയിൻ യാത്രകൾക്ക് ഇനിമുതൽ ചിലവേറും. ആറ് മാസത്തിനിടെ രണ്ടാം തവണയാണ് റെയിൽവേ നിരക്ക് കൂട്ടുന്നത്. പ്രവർത്തനക്ഷമത ഉറപ്പുവരുത്തുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനുമാണ് പുതിയ നടപടിയെന്ന് റെയിൽവേ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

പ്രീമിയം ട്രെയിനുകളായ വന്ദേ ഭാരത്, രാജധാനി, ശതാബ്ദി, തേജസ്, തുരന്തോ, ഹംസഫർ, അമൃത് ഭാരത്, ഗതിമാൻ, ഗരീബ് രഥ്, ജനശതാബ്ദി, മഹാമന, അന്ത്യോദയ, യുവ എക്സ്പ്രസ്, നമോ ഭാരത് റാപ്പിഡ് റെയിൽ എന്നിവയിലാണ് ഇന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. ഡിസംബർ 26 മുതലോ അതിനുശേഷമോ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് പുതുക്കിയ നിരക്ക് ബാധകമാകുക.

എസി, നോൺ എസി ക്ലാസുകൾക്ക് കിലോമീറ്ററിന് രണ്ട് പൈസ വീതമാണ് വർദ്ധിപ്പിച്ചത്. സ്ലീപ്പർ ക്ലാസ്, ഫസ്റ്റ് ക്ലാസ്, എസി ചെയർ കാർ, എസി 3ടയർ, 2ടയർ, എസി ഫസ്റ്റ് ക്ലാസ് എന്നിവയിലെല്ലാം മാറ്റമുണ്ടാകും. 500 കിലോമീറ്റർ ദൂരമുള്ള നോൺ എസി മെയിൽ/എക്സ്പ്രസ് യാത്രയ്ക്ക് ഇനി മുതൽ ഏകദേശം 10 രൂപ അധികം നൽകേണ്ടി വരും. മെട്രോ നഗരങ്ങളിലെ സബ‌ർബൻ സർവീസുകൾക്കും സീസൺ ടിക്കറ്റുകാർക്കും നിരക്ക് വർദ്ധന ബാധകമല്ലെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.

ഡിസംബർ 26ന് മുൻപ് ടിക്കറ്റ് എടുത്തവർക്ക്, യാത്ര അതിനുശേഷമാണെങ്കിലും അധിക തുക നൽകേണ്ടതില്ല. റിസർവേഷൻ ചാർജ്, സൂപ്പർഫാസ്റ്റ് സർചാർജ് എന്നിവയിൽ മാറ്റമില്ല. ജിഎസ്ടി നിയമങ്ങളിലും മാറ്റം വരുത്തിയിട്ടില്ല. യാത്രക്കാരുടെ സൗകര്യവും പത്തുവർഷത്തിനിടെ റെയിൽവേ ശൃംഖലയും പ്രവർത്തനങ്ങളും ഗണ്യമായി വികസിപ്പിച്ചത് മൂലമുള്ള ചെലവുകൾ നേരിടാനാണ് നിരക്കു വർദ്ധനയെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.