'ടീമേ.. ഞങ്ങളുടെ മനസമ്മതം കഴിഞ്ഞിട്ടാ' വിവാഹ നിശ്ചയത്തിന്റെ വൈറൽ ചിത്രങ്ങളുമായി നടൻ ബിനീഷ് ബാസ്റ്റിൻ
ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ബിനീഷ് ബാസ്റ്റിൻ. ബോഡി ബിൽഡിംഗിലൂടെ സിനിമയിലെത്തിയ ബിനീഷ് പോക്കിരി രാജ, പാസഞ്ചർ, അണ്ണൻ തമ്പി, ആക്ഷൻ ഹീറോ ബിജു, ഡബിൾ ബാരൽ, വിജയ് ചിത്രം തെരി, പൊറിഞ്ചു മറിയം ജോസ്, കാട്ടുമാക്കാൻ തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. സ്റ്റാർ മാജിക് ടെലിവിഷൻ പരിപാടിയിലൂടെയാണ് ബിനീഷ് കൂടുതൽ ശ്രദ്ധേയമാകുന്നത്. ഇപ്പോഴിതാ തന്റെ മനസമ്മതത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം.
കഴിഞ്ഞ അഞ്ചു വർഷമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം പള്ളിയിൽ ലളിതമായ ചടങ്ങുകളോടെയാണ് നടന്നത്. അടൂർ സ്വദേശിനിയായ താരയാണ് വധു. ചടങ്ങിന്റെ ചിത്രങ്ങൾ താരം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.
തനതായ ശൈലിയിൽ ഇൻസ്റ്റാഗ്രാമിലൂടെയാണ് ബിനീഷ് സന്തോഷവാർത്ത അറിയിച്ചത് 'ടീമേ.. ഞങ്ങളുടെ മനസമ്മതം കഴിഞ്ഞിട്ടാ.. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം' ബിനീഷ് കുറിച്ചു. പ്രണയസാഫല്യത്തിലേക്ക് കടക്കുന്ന ഇരുവരുടെയും വിവാഹം 2026 ഫെബ്രുവരിയിലായിരിക്കും നടക്കുക. വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്തുവന്നതോടെ സഹപ്രവർത്തകരും ആരാധകരും അടക്കം നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്നത്.