ടൊറെന്റോ സർവ്വകലാശാലയ്ക്ക് സമീപം ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു
ടൊറാന്റോ: കാനഡയിലെ ടൊറെന്റോ സർവ്വലാശാലയ്ക്ക് സമീപം ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ശിവാങ്ക് അവസ്തി (20) എന്ന ഡോക്ടറൽ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വിദ്യാർത്ഥിയെ വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ടൊറെന്റോ പൊലീസ് പറയുന്നു. സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചതായാണ് പൊലീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.
പ്രതികളെ പിടികൂടുന്നതിനായി പൊതുജനങ്ങളുടെ സേവനം തേടിയിരിക്കുകയാണ് പൊലീസ്. കുറ്റവാളികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ എമർജൻസി നമ്പറിൽ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്. വിവരം നൽകുന്നവർ പേരും മേൽവിലാസവും വെളിപ്പെടുത്തേണ്ടതില്ലെന്നും അവരുടെ സ്വകാര്യത സംരക്ഷിക്കപ്പെടുമെന്നും അധികാരികൾ ഉറപ്പ് നൽകുന്നു.
ശിവാങ്കിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് ടൊറെന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പ്രസ്താവന ഇറക്കി. പ്രാദേശിക അധികാരികളുമായി ചേർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ട സഹായങ്ങൾ നൽകുമെന്നും പ്രസ്താവനയിൽ പറയുന്നു.
ഈ വർഷം ടൊറെന്റോയിൽ റിപ്പോർട്ട് ചെയ്യുന്ന 41-ാമത്തെ കൊലപാതക കേസാണിതെന്ന് അധികാരികൾ പറയുന്നു. കഴിഞ്ഞ ആഴ്ചയിലും ടൊറെന്റോയിൽ ഒരു ഇന്ത്യൻ യുവതി കൊല്ലപ്പെട്ടിരുന്നു. ഹിമാൻഷി ഖുറാന എന്ന 30 കാരിയാണ് കൊല്ലപ്പെട്ടത്. വെല്ലിംഗ്ടൺ സ്ട്രീറ്റ് ഡബ്ല്യു പ്രദേശത്ത് നിന്നും കാണാതായ യുവതിയെ പിന്നീട് അവരുടെ തന്നെ താമസസ്ഥലത്തിന് സമീപം മരിച്ച നിലയിൽ കണ്ടത്തുകയായിരുന്നു. അബ്ദുൾ ഗഫൂരി എന്ന 30 കാരനാണ് കൊലപാതകം നടത്തിയത്.