ഈ രാജ്യത്തെ ജനങ്ങൾക്ക് പങ്കാളിയേക്കാൾ പ്രിയം മരങ്ങളോട്; പുതിയ ട്രെൻഡ് കൊവിഡിന് ശേഷം, കാരണം ഇതാണ്

Friday 26 December 2025 12:29 PM IST

മരച്ചുവട്ടിലിരിക്കുമ്പോൾ മനുഷ്യർക്ക് അനുഭവപ്പെടുക ശാന്തത മാത്രമല്ല അവ നമ്മുടെ മനസിനെയും ശരീരത്തെയും ഉണർത്തുക കൂടി ചെയ്യും. മനുഷ്യന്റെ പരിണാമം മുതൽ പരിശോധിച്ചാൽ പണ്ട് വേട്ടക്കാരിൽ നിന്നും വെയിലും മഴയിൽ നിന്നുമൊക്കെ സംരക്ഷണം തേടിയിരുന്നത് മരച്ചുവടുകളിലാണ്. വർത്തമാനക്കാലത്തേക്ക് വരുമ്പോൾ മരത്തിന്റെ ഇലകൾക്കിടയിലൂടെ വീശുന്ന കാറ്റും, പക്ഷികളുടെ ശബ്ദവും, മണ്ണിലെ ഗന്ധവുമെല്ലാം നമ്മുടെ ഇന്ദ്രിയങ്ങളെ ഉണർത്തുന്നവയാണ്. ഇത് വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്കകളിൽ നിന്നും കഴിഞ്ഞകാലത്തെ സങ്കടങ്ങളിൽ നിന്നുമൊക്കെ മനസിനെ മോചിപ്പിച്ച് ഈയൊരു നിമിഷത്തിൽ ജീവിക്കാനാണ് നമ്മെ പ്രേരിപ്പിക്കുന്നത്.

പ്രകൃതിയുമായി ബന്ധപ്പെടാൻ മനുഷ്യ സഹജമായ ആഗ്രഹം എപ്പോഴും നമ്മളിൽ ഓരോരുത്തർക്കുമുണ്ട്. അവയെ 'ബയോഫീലിയ' എന്നാണ് ഗവേഷകർ വിളിക്കുന്നത്. മരത്തിന്റെ പച്ചപ്പ് കാണുന്നതും മരത്തൊലിയിൽ സ്പർശിക്കുന്നതും തലച്ചോറിലെ പോസിറ്റീവ് തരംഗങ്ങളെ ഉത്തേജിപ്പിക്കുകയാണ് ചെയ്യുക. ഇത് ഒരാളിൽ സ്‌നേഹവും കരുണയും വർദ്ധിപ്പിക്കാൻ കാരണമാകും.

നൂറ്റാണ്ടുകളായി നിൽക്കുന്ന ഭീമൻ മരങ്ങളുടെ ചുവട്ടിലിരിക്കുമ്പോൾ, നമ്മുടെ പ്രശ്നങ്ങൾ എത്ര ചെറുതാണെന്ന ബോധ്യം പലർക്കും ഉണ്ടാകാറുണ്ട്. ആഴത്തിലുള്ള മരങ്ങളുടെ വേരുകളും വാനം മുട്ടുന്ന അവയുടെ വളർച്ചയും മനുഷ്യന് സ്ഥിരതയുടെയും പ്രത്യാശയുടെയും പാഠങ്ങളാണ് നൽകുന്നത്.

റഷ്യയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ മരങ്ങളുള്ള രാജ്യമായിട്ട് കണക്കാക്കപ്പെടുന്നത്. ഏകദേശം 642 മില്യൺ മരങ്ങൾ അവിടെയുണ്ട്. അതേസമയം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരങ്ങളുള്ള സംസ്ഥാനം അരുണാചൽ പ്രദേശാണ്. നമ്മുടെ തൊട്ടപ്പുറത്തെ രാജ്യമായ ചൈനയിൽ മരങ്ങൾ മനുഷ്യന് എത്രത്തോളം കൂട്ടാകുന്നു എന്നതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

നഗരത്തിലെ തിരക്കുകളിൽ നിന്നും ജോലിയിലെ സമ്മർദ്ദങ്ങളിൽ നിന്നും ഡിജിറ്റൽ ലോകത്തെ ഒറ്റപ്പെടലുകളിൽ നിന്നൊക്കെ മാറി നിൽക്കാൻ ആഗ്രഹിക്കുകയാണ് ചൈനയിലെ ഒരു കൂട്ടം യുവാക്കൾ. എല്ലാറ്റിൽ നിന്നും ഇടവേളയെടുത്ത് പ്രകൃതിയിലേക്കാണ് അവർ മടങ്ങുന്നത്. എന്നാൽ അവരുടെ യാത്രകൾ ഒരു വിനോദയാത്രയിലൊതുങ്ങി നിൽക്കുന്നതല്ല മറിച്ച് മരങ്ങളെ കെട്ടിപ്പിടിച്ചും അവയോട് സംസാരിച്ചും മനസിന്റെ മുറിവുണക്കുന്ന 'ട്രീ ഹഗ്ഗിംഗ്' എന്ന പുതിയ രീതിയാണ് പിന്തുടരുന്നത്.

കൊവിഡ് മഹാമാരിക്ക് ശേഷം ചൈനീസ് യുവാക്കൾക്കിടയിൽ ഏകാന്തതയും മാനസിക സമ്മർദ്ദവും വർദ്ധിച്ചതായിട്ടാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. വിവാഹം, ജോലി തുടങ്ങിയ സമൂഹം അടിച്ചേൽപ്പിക്കുന്ന കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആഗ്രഹിക്കുന്ന തലമുറ, മരങ്ങളിലൂടെയാണ് തങ്ങളുടെ സുഹൃത്തുക്കളെ കണ്ടെത്തുന്നത്. നഗരവൽക്കരണത്തിന്റെ ഭാഗമായി മലിനമായ വായുവിനും കോൺക്രീറ്റ് കെട്ടിടങ്ങൾക്കും ഇടയിൽ ശ്വാസം മുട്ടുമ്പോൾ, മരങ്ങൾ തങ്ങളെ മണ്ണുമായി ബന്ധിപ്പിക്കുന്നുവെന്നാണ് യുവാക്കളുടെ പക്ഷം.

മരങ്ങളുടെ സ്പർശനം മനുഷ്യന് നൽകുന്ന ആശ്വാസം വലുതാണ്. ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് മരങ്ങളുടെ പരുക്കൻ തൊലിയിൽ തൊടുന്നതും അവയെ പുണരുന്നതും വലിയ സമാശ്വാസം നൽകുന്നുവെന്നാണ് പറയപ്പെടുന്നത്.ബീജിംഗിലെ ഫോറസ്റ്റ് തെറാപ്പി കമ്മ്യൂണിറ്റിയുടെ നേതാവായ സിയാവോയാങ് വോംഗ് ഇതിനെ ഒരു കലയായാണ് വീക്ഷിക്കുന്നത്. മുമ്പ് സിനിമയിൽ എഡിറ്ററായി പ്രവർത്തിച്ചിരുന്ന അദ്ദേഹം കോവിഡിന് ശേഷമുള്ള ഏകാന്തത മറികടക്കാനായിരുന്നു ഈ വഴി തിരഞ്ഞെടുത്തത്.

'ആദ്യമൊക്കെ മരങ്ങളെ കെട്ടിപ്പിടിക്കാൻ ആളുകൾക്ക് മടിയാണ്. എന്നാൽ അവയെ സൂക്ഷിച്ചു നോക്കുകയും അതിലെ ഉറുമ്പുകളെയും പ്രാണികളെയും നിരീക്ഷിക്കാനും തുടങ്ങിയാൽ പിന്നെ മടിയൊക്കെ മാറും.' വോംഗ് പറയുന്നു. തെറാപ്പിയിൽ പങ്കെടുക്കുന്നവർ തങ്ങൾക്ക് ഇഷ്ടപ്പെട്ട മരത്തിന്റെ പേരാണ് സ്വീകരിക്കുന്നത്. ആ ദിവസം മുഴുവൻ ആ പേരിലാണ് അവർ അറിയപ്പെടുക.

പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഇത്തരം തെറാപ്പികളിലേക്ക് ആകർഷിക്കപ്പെടുന്നത്. സൗഹൃദങ്ങൾ കണ്ടെത്താനും മികച്ച ജീവിതശൈലി രൂപപ്പെടുത്താനും ഈയൊരു കാര്യത്തെ അവർ ഉപയോഗിക്കുന്നു. പ്രണയ തകർച്ച നേരിടുന്നവർക്കും മരങ്ങളുമായുള്ള ഈ ചങ്ങാത്തം വലിയ ആശ്വാസമാകുന്നുണ്ട്. പ്രണയിക്കാൻ അറിയാത്തതാണ് തങ്ങളുടെ പ്രശ്നമെന്ന് തിരിച്ചറിയുന്ന പലരും മരങ്ങളിലൂടെ സ്വയം തങ്ങളെ തന്നെ കണ്ടെത്താൻ ശ്രമിക്കുന്നു.

വൻതോതിലുള്ള മലിനീകരണത്തിന്റെയും നഗരവൽക്കരണത്തിനും അപ്പുറം പ്രകൃതിയെ സംരക്ഷിച്ചും സ്‌നേഹിച്ചും മുന്നോട്ട് പോകുന്ന പുതിയ തലമുറയെയാണ് ബീജിംഗിലെ പാർക്കുകളിൽ ഇന്ന് കാണാനാകുന്നത്. പണ്ടു മുതലേ ഉള്ള മരങ്ങളെ സർക്കാർ വേലികെട്ടി സംരക്ഷിച്ചിരിക്കുകയാണെങ്കിലും, പുതിയ മരങ്ങളെ കെട്ടിപ്പിടിച്ചും അവയുടെ ചുവട്ടിൽ വിശ്രമിച്ചും യുവ തലമുറ തങ്ങളുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്ന കാഴ്ചയാണ് ചൈനയിൽ കാണാൻ കഴിയുക.