സ്‌കൂളിന് സമീപത്തായി ഉറുദു വാചകമെഴുതിയ പാകിസ്ഥാനി ബലൂൺ; സുരക്ഷ ശക്തമാക്കി
ശ്രീനഗർ: പാകിസ്ഥാൻ എന്ന വാക്കും ഉറുദു ഭാഷയിലുള്ള വാചകവും ആലേഖനം ചെയ്ത ബലൂൺ കണ്ടെത്തിയതിൽ അന്വേഷണം. ജമ്മുവിലെ സാംബ ജില്ലയിൽ രാംഗഢിന്റെ അതിർത്തി പ്രദേശത്ത് ഇന്ന് രാവിലെയാണ് ബലൂൺ കണ്ടെത്തിയത്. പ്രദേശത്തെ സ്‌കൂളിലെ സമീപത്തെ കാർഷിക മേഖലയിലാണ് ബലൂൺ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ബലൂൺ കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
വടക്കൻ കാശ്‌മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സ്ഥലങ്ങളിൽ നിന്ന് പാകിസ്ഥാൻ ചിഹ്നങ്ങൾ പതിച്ച ബലൂണുകൾ കഴിഞ്ഞദിവസം സുരക്ഷാ സേന കണ്ടെടുത്തിരുന്നു. തുടർന്ന് അതിർത്തി ജില്ലകളായ ബാരാമുള്ള, കുപ്വാര എന്നിവിടങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തു. ബാരാമുള്ള ജില്ലയിലെ ഖദിനയാർ പ്രദേശത്തെ സർന ടോപ്പിന് സമീപം പാകിസ്ഥാൻ പതാക ഘടിപ്പിച്ച ഒരു കൂട്ടം ബലൂണുകൾ കണ്ടെത്തുകയായിരുന്നു. കരസേനയുടെ 46 രാഷ്ട്രീയ റൈഫിൾസിലെ പട്രോളിംഗ് സംഘമാണ് ഇവ കണ്ടെത്തിയത്. പിന്നാലെ ബലൂണുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ശക്തമായ കാറ്റിൽ ബലൂണുകൾ അതിർത്തി കടന്ന് എത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സുരക്ഷാ ഏജൻസികൾ മറ്റ് സാദ്ധ്യതകളും പരിശോധിക്കുകയാണ്. നിയന്ത്രണ രേഖയ്ക്ക് സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സുരക്ഷാ വിഭാഗത്തിലോ അറിയിക്കണമെന്നും നിർദേശമുണ്ട്.