'പരമാധികാരം വേണം', വിഷ്‌ണുശിൽപം  തകർത്തതിൽ  ഇന്ത്യയുടെ ആശങ്കയിൽ വിശദീകരണവുമായി  തായ്‌ലൻഡ്

Friday 26 December 2025 3:03 PM IST

ബാങ്കോക്ക്: കംബോഡിയ - തായ്‌ലൻഡ് അതിർത്തിയിലെ തർക്ക മേഖലയായ പ്രയ വിഹാർ പ്രവിശ്യയിലെ മഹാവിഷ്‌ണു ശിൽപം തകർത്തതിൽ വിശദീകരണവുമായി തായ്‌ലൻഡ്. ശിൽപം സ്ഥാപിച്ചിരുന്ന സ്ഥലം മതപരമായ പ്രാധാന്യമുള്ള സ്ഥലമല്ലെന്നും സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്നുമാണ് വിശദീകരണം.

ശിൽപത്തെ അതിർത്തിയുടെ അടയാളമായി കംബോഡിയൻ സൈന്യം വിശേഷിപ്പിച്ചിരുന്നു. ഈ വിശേഷണം ഒഴിവാക്കി ഭൂമിയിൽ പരമാധികാരം സ്ഥാപിക്കുന്നതിനുവേണ്ടിയാണ് ശിൽപം പൊളിച്ചതെന്നാണ് തായ്‌ലൻഡ് വ്യക്തമാക്കുന്നത്. ഹിന്ദുമതം ഉൾപ്പെടെ എല്ലാ മതങ്ങളെയും തങ്ങൾ തുല്യമായി ബഹുമാനിക്കുന്നുവെന്നും അധികൃതർ പറഞ്ഞു. 2014ൽ ഇവിടെ സ്ഥാപിച്ച 328 അടി (100 മീറ്റർ) ഉയരമുള്ള വിഷ്‌ണു ശിൽപമാണ് ജെസിബി ഉപയോഗിച്ച് തകർത്തുകളഞ്ഞത്. കംബോ‌ഡിയയിൽ ബുദ്ധ, ഹിന്ദു വിഭാഗങ്ങൾ ഒരുപോലെ ആരാധിക്കുന്ന പ്രതിമയായിരുന്നു ഇത്.

ജെസിബി ഉപയോഗിച്ച് പ്രതിമ തകർക്കുന്നതിന്റെ വീഡിയോ ഇതിനോടകംതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ശിൽപം പൊളിച്ചുമാറ്റിയതിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ശിൽപം തകർത്തത് തീർത്തും അനാദരമാണ്. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി കംബോഡിയയും തായ്‌ലൻഡും സമാധാന ചർച്ചകളിലേയ്ക്ക് കടക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.