ഹൈവേയിൽ യാത്രക്കിടെ അക്കൗണ്ടന്റിനെ തൊഴിച്ചുവീഴ്‌ത്തി 85 ലക്ഷം കവർന്ന് മോഷ്‌ടാക്കൾ

Friday 26 December 2025 3:31 PM IST

ന്യൂഡൽഹി: ലക്ഷക്കണക്കിന് രൂപയുമായി പോകുകയായിരുന്നയാളെ ബൈക്കിൽ പിന്തുടർന്നെത്തി പണം മോഷ്‌ടിച്ചു. ഡൽഹി-ലക്‌നൗ ഹൈവേയിലാണ് സംഭവം. ഡിസംബർ 15ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 85 ലക്ഷം രൂപയാണ് ബൈക്ക് യാത്രികനിൽ നിന്നും മറ്റൊരു ബൈക്കിലെത്തിയ കള്ളന്മാർ തട്ടിയെടുത്തത്.

നോയിഡ സ്വദേശിയായ ബിസിനസുകാരന്റെ അക്കൗണ്ടന്റായി ജോലിനോക്കുന്നയാൾ ഹാപ്പൂരിൽ നിന്നും മടങ്ങിവരികയായിരുന്നു. ഇതിനിടെ മറ്റൊരു ബൈക്ക് അമിതവേഗത്തിലെത്തി ഇയാളെ ഓവർടേക്ക് ചെയ്‌തു. ശേഷം ബൈക്കിനടുത്തെത്തി തൊഴിച്ചു. തുടർന്ന് തൊട്ടടുത്തുകൂടി പോയ ഒരു കാറിന്റെ സഹായവും ബൈക്കിലെ മോഷ്‌ടാക്കൾക്ക് കിട്ടി. ഇതിൽ ചാരിനിന്നാണ് പണം തട്ടിയെടുത്ത്‌ മോഷണം നടത്തിയത്. നില തെറ്റിയ അക്കൗണ്ടന്റ് പലതവണ ബൈക്കിൽ റോഡിൽ നിരങ്ങിനീങ്ങിയ ശേഷം വീണതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം.

വൻ മോഷണം നടത്തിയ പ്രതികളെ പിടികൂടുന്നവർക്ക് ഹാപ്പൂർ പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പൊലീസ് വൈകാതെ പ്രതികളെ പിടികൂടുമെന്ന് എസ്പി കുനാർ ഗ്യാൻഅജയ് സിംഗ് പറഞ്ഞു. കഴിഞ്ഞമാസവും പഞ്ചാബിലെ ലുഥിയാനയിൽ സമാനമായ സംഭവമുണ്ടായി. രണ്ട് വനിതകൾ യാത്രചെയ്‌ത ബൈക്കിൽ മറ്റൊരു ബൈക്കിലെത്തിയ മോഷ്‌ടാക്കൾ ഇടിക്കുകയായിരുന്നു. തുടർന്ന് വനിതകളുടെ ബാഗ് തട്ടിയെടുത്തു. ശേഷം മോഷ്‌ടാക്കൾ കൈയിൽ കരുതിയ വാളെടുത്ത് ആക്രമിക്കാൻ ശ്രമിച്ചു. പിന്നീട് ഇവർ ഓടിപ്പോയി.