മക്കളുടെ മുന്നിലിട്ട് ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ച് ഭർത്താവ്

Friday 26 December 2025 3:46 PM IST

ഹൈദരാബാദ്: മക്കളുടെ മുന്നിലിട്ട് ഭാര്യയെ ജീവനോടെ പെട്രോൾ ഒഴിച്ച് കത്തിച്ച് ഭർത്താവ്. ബുധനാഴ്‌ച പുലർച്ചെ ഹൈദരാബാദിലെ തിലക് നഗറിലെ വാടക വീട്ടിലായിരുന്നു സംഭവം. ഹോട്ടൽ ജീവനക്കാരിയായിരുന്ന ചിത്യാല ത്രിവേണിയാണ് കൊല്ലപ്പെട്ടത്. ഗാന്ധി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭർത്താവ് കെ വെങ്കടേഷിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു.

സ്വന്തം ദേശമായ ഹുസൂർ ബാദിൽ നിന്നും അഞ്ച് വർഷം മുൻപാണ് ദമ്പതികൾ തങ്ങളുടെ രണ്ട് മക്കളെയും കൂട്ടി ഹൈദരാബാദിലേക്ക് താമസം മാറിയത്. നരേഷ്(8), സാത്വിക (6) എന്നിവരാണ് ദമ്പതികളുടെ കുട്ടികൾ. കഴിഞ്ഞ ഒരു മാസമായി തിലക് നഗറിലെ വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്. വെങ്കിടേഷ് ഒരു സംശയരോഗിയായിരുന്നെന്നും വർഷങ്ങളായി ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ത്രിവേണിയുടെ കുടുംബം ആരോപിച്ചു. വെങ്കടേഷിനെതിരെ യുവതിയുടെ പിതാവ് ചിത്യാല അപ്പയ (48) പൊലീസിൽ പരാതി നൽകി.

കൊലപാതകം നടത്തുന്നതിനുമുൻപായി ഉറങ്ങിക്കിടന്ന മൂത്തകുട്ടിയെ വെങ്കിടേഷ് വിളിച്ചുണർത്തി. ഒരു കുപ്പി പെട്രോൾ കാണിച്ച ശേഷം നിന്റെ അമ്മ ഇന്ന് കൊല്ലപ്പെടുമെന്നും മുന്നറിയിപ്പ് നൽകി. ഇക്കാര്യങ്ങൾ കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്ന് പറഞ്ഞു. കട്ടിലിൽ ഉറങ്ങികിടക്കുകയായിരുന്ന ഇളയ കുട്ടി തീ പടരുന്നത് കണ്ട് പേടിച്ചാണ് പുറത്തേക്ക് ഓടിയത്. വെങ്കടേഷ് ഉടൻ തന്നെ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു.

ബുധനാഴ്ച പുലർച്ചെ 12.30ന് ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന അയൽവാസി മധുവാണ് വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധിച്ചത്. തുടർന്ന് സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. വീടിന്റെ മുൻവാതിൽ തുറന്ന് കിടന്ന മുൻവാതിലിലൂടെ അകത്തേക്ക് കയറിയ അയൽക്കാർ ത്രിവേണിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.