കേക്ക് മുറിക്കുമ്പോൾ പൊടിഞ്ഞുപോകുന്നോ? കുറച്ച് ചൂടുവെള്ളം മതി, സിമ്പിളായി ഒരേ അളവിൽ മുറിച്ചെടുക്കാം
Friday 26 December 2025 3:56 PM IST
ക്രിസ്‌മസ് എന്നാൽ മിക്കവാറും പേർക്കും കേക്കിന്റെയും വൈനിന്റെയും ദിനങ്ങളാണ്. ക്രിസ്‌മസ്, ന്യൂ ഇയർ കാലത്ത് കുറഞ്ഞത് രണ്ടോ മൂന്നോ കേക്ക് എങ്കിലും വാങ്ങുകയോ മുറിക്കുകയോ ചെയ്യുന്നവരാണ് പലരും. എന്നാൽ ഇത്തരത്തിൽ കേക്ക് മുറിക്കുമ്പോൾ നേരിടുന്ന പ്രശ്‌നം കേക്ക് പൊടിഞ്ഞുപോവുകയോ ഒരേ ആകൃതിയിൽ മുറിഞ്ഞുവരാതിരിക്കുകയോ ചെയ്യുന്നതാണ്. ഈ സൂത്രവിദ്യകൾ പരീക്ഷിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഈസിയായി പരിഹരിക്കാം.
- തണുത്ത കേക്ക് പെട്ടെന്ന് പൊടിഞ്ഞുപോകാനുള്ള സാദ്ധ്യത കുറവാണ്. അതിനാൽ 30 മുതൽ 60 മിനിട്ടുവരെ ഫ്രിഡ്‌ജിൽവച്ച് തണുപ്പിച്ചതിനുശേഷം മുറിക്കാം.
- സാധാരണ കിച്ചൺ കത്തി ഉപയോഗിക്കുന്നത് കേക്ക് പൊടിഞ്ഞുപോകാൻ കാരണമാകും. നേർത്ത പല്ലുകളുള്ള സെറേറ്റഡ് കത്തി അല്ലെങ്കിൽ ബ്രെഡ് മുറിക്കുന്ന കത്തി ഉപയോഗിക്കാം.
- കത്തി ആദ്യം ചെറുചൂടുവെള്ളത്തിൽ മുക്കിയെടുക്കണം. ശേഷം വൃത്തിയുള്ള കോട്ടൺ തുണിയിൽ തുടച്ച് നന്നായി നനവ് മാറ്റിയതിനുശേഷം കേക്ക് മുറിക്കാൻ ഉപയോഗിക്കാം.
- കനം കുറഞ്ഞ നൂൽ ഉപയോഗിച്ചും കേക്ക് മുറിക്കാം. നൂൽ രണ്ടറ്റത്തും മുറുകെപ്പിടിച്ചതിനുശേഷം മുകളിൽ നിന്ന് താഴേയ്ക്ക് അമർത്താം. കേക്കിന്റെ അടിഭാഗം വരെ നൂൽ എത്തിയതിനുശേഷം തിരികെ മുകളിലേയ്ക്ക് വലിച്ചെടുക്കാതെ ഒരു വശത്തുനിന്ന് പതിയെ പുറത്തെടുക്കാം.