കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി വീണ്ടും,​ രഞ്ജിത്ത് ചിത്രം കൊച്ചിയിൽ

Saturday 27 December 2025 6:52 AM IST

രഞ്ജിത്ത് ചിത്രം കൊച്ചിയിൽ പുരോഗമിക്കുന്നു

കൊച്ചിയിലെ ഗ്യാംഗ്സ്റ്ററായ കാരിക്കാമുറി ഷൺമുഖന്റെ വേഷത്തിൽ മമ്മൂട്ടി വീണ്ടും. രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിച്ച ബ്ലാക്ക് എന്ന ചിത്രത്തിലെ ഈ ഐക്കോണിക്ക് കഥാപാത്രത്തിൽ മമ്മൂട്ടി വീണ്ടുമെത്തുന്നത് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്. എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ പ്രകാശ് വർമ്മയും ഒരു കൂട്ടം പുതുമുഖങ്ങളുമാണ് പ്രധാന വേഷം അവതരിപ്പിക്കുന്നത്. അഭിരാമി , ജോയ് മാത്യു, ഭീമൻ രഘു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ . സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജിയും വർണ ചിത്ര ബിഗ് സ്ക്രീനിന്റെ ബാനറിൽ മഹാ സുബൈറും ചേർന്നാണ് നിർമ്മാണം. രചന നിർവ്വഹിക്കുന്നത് ഉദയകൃഷ്ണയാണ്. ഇതാദ്യമായാണ് രഞ്ജിത്തും ഉദയകൃഷ്ണയും ഒരുമിക്കുന്നത്. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. കാരിക്കാമുറി ഷൺമുഖനാകാൻ ജനുവരിയിൽ മമ്മൂട്ടി ക്യാമറയുടെ മുൻപിൽ എത്തും.ഇക്കുറി കാരിക്കാമുറി ഷൺമുഖൻ അതിഥി വേഷത്തിൽ ആണ് എത്തുന്നത്. അതേസമയം മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്ന ചത്താ പച്ച ജനുവരി 22ന് റിലീസ് ചെയ്യും.

അർജുൻ അശോകൻ കേന്ദ്രകഥാപാത്രമായി റെസ്ലിങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചത്താ പച്ച" : ദ റിംഗ് ഓഫ് റൗഡീസ് നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്നു. റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരാണ് മറ്റ് താരങ്ങൾ. തിരക്കഥ , സംഭാഷാണം സനൂപ് തൈക്കൂടം, ആനന്ദ് സി. ചന്ദ്രൻ, ജോമോൻ ടി. ജോൺ, സുദീപ് ഇളമൺ എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. മലയാള സിനിമയിൽ ഇതാദ്യമായി ശങ്കർ - എഹ്സാൻ - ലോയ് രംഗപ്രവേശം ചെയ്യുന്ന ചിത്രം കൂടിയാണ് ചത്താ പച്ച.