ഭയന്നത് തന്നെ സംഭവിച്ചു; ആ ''കെണിയിൽ'' ഒരു പാവം വയോധികൻ വീണു
തൊടുപുഴ: അധികൃതരുടെ തികഞ്ഞ അലംഭാവം മൂലം ക്രിസ്മസ് ദിനത്തിൽ വയോധികൻ ഓടയിൽ വീണു. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള ഓടയിലാണ് വീണത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിന് സമീപമുള്ള ഓടയിലാണ് വയോധികൻ വീണത്. ഹൈറേഞ്ച് സ്വദേശിയായ ഇദ്ദേഹം ബസ് കയറുന്നതിനായി സ്റ്റാൻഡിലേക്ക് പോകുന്നതിനിടയിൽ ഉപയോഗിച്ചിരുന്ന കണ്ണട താഴെ വീണു. ഇത് എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതി തലകീഴായി ഓടയിൽ വീഴുകയായിരുന്നു. സംഭവത്തെ തുടർന്ന് തൊടുപുഴ കൺട്രോൾ റൂമിലെ പൊലീസെത്തി വയോധികനെ രക്ഷപ്പെടുത്തശേഷം ഉടനടി ഫയർ ഫോഴ്സിന്റെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. വീഴ്ചയിൽ നിന്നും ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഈ ഭാഗത്ത് ഓടയ്ക്ക് മുകളിൽ സ്ലാബ് നിർമ്മിക്കാത്തതാണ് അപകട കെണിയാകുന്നത്. വർഷങ്ങളായി മൂടിയില്ലാതെ കിടക്കുന്ന ഇവിടെ ഒരു അപകട മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. സ്‌കൂൾ - കോളേജ് വിദ്യാർത്ഥികളും ജീവനക്കാരും അടക്കം ദിനംപ്രതി വിവിധ ആവശ്യങ്ങൾക്കായി നൂറുകണക്കിനാളുകൾ എത്തുന്ന പ്രധാനപ്പെട്ട പാതയിലാണ് ഇത്തരമൊരു അപകടം ഓടയുടെ രൂപത്തിൽ പതിയിരിക്കുന്നത്. വിഷയം നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽ നിരവധി തവണപെടുത്തിയിട്ടുള്ളതാണെങ്കിലും പ്രശ്നപരിഹാരത്തിനായി നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.