വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന അപൂർവ്വ ചടങ്ങ്,​ ഗുരുവായൂരപ്പന് കളഭാട്ടം നാളെ

Friday 26 December 2025 9:42 PM IST

ഗുരുവായൂർ: മണ്ഡലകാല സമാപന ദിനമായ നാളെ ഗുരുവായൂരപ്പന് വിശേഷാൽ കളഭാഭിഷേകം നടക്കും. ദിവസവും കളഭം ചാർത്തുന്ന ഗുരുവായൂരപ്പന് നാളെ പ്രത്യേകം തയ്യാറാക്കിയ കളഭക്കൂട്ടാണ് അഭിഷേകം ചെയ്യുക. മണ്ഡലകാല സമാപന ദിവസമാണ് കളഭാട്ടം നടക്കുന്നത്. മൈസൂർ ചന്ദനം, കാശ്മീർ കുങ്കുമപ്പൂവ്, പച്ചക്കർപ്പൂരം, ഗോരോചനം, കസ്തൂരി, പനിനീർ എന്നിവ ചേർത്ത് സ്വർണക്കുംഭത്തിൽ പ്രത്യേകമായി തയ്യാറാക്കുന്ന സുഗന്ധപൂരിതമായ കളഭക്കൂട്ടിന് നമസ്‌കാര മണ്ഡപത്തിൽ തന്ത്രി പൂജ ചെയ്യും.

പന്തീരടി പൂജയ്ക്ക് ശേഷം കളഭപൂജ ചെയ്ത ശേഷമാകും കളഭക്കൂട്ട് ശ്രീഗുരുവായൂരപ്പന് അഭിഷേകം ചെയ്യുക. നവകാഭിഷേകവും ഉച്ചപൂജയും തന്ത്രി നിർവഹിക്കും. കളഭത്തിലാറാടിയ കണ്ണനെ കണ്ടു തൊഴാൻ നിരവധി ഭക്തർ ക്ഷേത്രത്തിലെത്തും. ഞായർ പുലർച്ചെ നിർമാല്യം വരെ ഭക്തർക്ക് കളഭശോഭയുള്ള ഗുരുവായൂരപ്പനെ ദർശിക്കാം. മണ്ഡലകാലത്ത് 40 ദിവസം പഞ്ചഗവ്യ അഭിഷേകവും 41ാം ദിവസം കളഭവുമാണ് അഭിഷേകം ചെയ്യുക. അഭിഷേകത്തിനുള്ള കളഭം കോഴിക്കോട് സാമൂതിരി രാജയുടെ വഴിപാടാണ്. ക്ഷേത്രത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരുടെ വഴിപാടായി ചുറ്റുവിളക്ക് ആഘോഷവും നടക്കും.