പ്രധാനമന്ത്രി ക്രിസ്മസിന് ഡൽഹി കത്തീഡ്രലിൽ

Saturday 27 December 2025 12:48 AM IST

ന്യൂഡൽഹി: സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശമാണ് ക്രിസ്മസ് നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രിസ്മസ് ദിനത്തിൽ ഡൽഹി പാർലമെന്റിന് സമീപം നോർത്ത് അവന്യുവിലുള്ള ദി കത്തീഡ്രൽ ചർച്ച് ഒഫ് ദി റിഡംപ്ഷനിലെ പ്രാർത്ഥനാ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാവിലെ 8.30ന് നടന്ന പ്രത്യേക ശുശ്രൂഷാചടങ്ങിലാണ് പങ്കെടുത്തത്. ക്രിസ്മസിന്റെ ചൈതന്യം സമൂഹത്തിൽ ഐക്യവും സൽസ്വഭാവവും പ്രചോദിപ്പിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. കരോളും സ്തുതിഗീതങ്ങളും പ്രധാനമന്ത്രി ശ്രവിച്ചു. ഡൽഹി ബിഷപ്പ് റവ. ഡോ. പോൾ സ്വരൂപ് പ്രധാനമന്ത്രിക്കുവേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി. ബി.ജെ.പി കേരള അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പങ്കെടുത്തു.

ഡൽഹിയിൽ താമസിക്കുന്ന നാഗാലാൻഡ്, മണിപ്പൂർ, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ സംഘടനയായ മൗനാഗ ക്രിസ്ത്യൻ ഫെലോഷിപ്പ്, ഡൽഹി സിവിൽ ലൈനിലെ രാജ്പൂർ റോഡിലുള്ള പള്ളിയിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ മുഖ്യാതിഥിയായിരുന്നു. ദേശീയ സെക്രട്ടറി അനിൽ കെ. ആന്റണി, ഡൽഹി ബി.ജെ.പി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ, ദേശീയ വക്താവ് ടോം വടക്കൻ തുടങ്ങിയവരും പങ്കെടുത്തു.