അഞ്ച് നഗരസഭകളിലും വനിതാ സാരഥികൾ

Saturday 27 December 2025 12:00 AM IST

തൃശൂർ: വിവാദങ്ങളില്ലാതെ ജില്ലയിലെ ഏഴ് നഗരസഭകളിലേക്കുള്ള ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് പൂർണം. ഏഴിൽ മൂന്നിടത്ത് മാത്രമാണ് പുരുഷമാർ ചെയർപേഴ്‌സൺമാരായുള്ളത്. ജനറൽ വിഭാഗത്തിൽ പെട്ട കൊടുങ്ങല്ലൂരിലും വനിതാ സംവരണ ലിസ്റ്റിൽ പെട്ട ചാലക്കുടി, വടക്കാഞ്ചേരി, കുന്നംകുളം, ഗുരുവായൂർ നഗരസഭകളിലും ഭരണചക്രം ഇനി വനിതകളുടെ കൈകളിൽ ഭദ്രമാണ്. ചാലക്കുടി നഗരസഭയിൽ കോൺഗ്രസിലെ ആലീസ് ഷിബു ചെയർപേഴ്‌സനായപ്പോൾ കെ.വി. പോൾ വൈസ് ചെയർപേഴ്‌സനായി. വടക്കാഞ്ചേരിയിൽ മിനി അരവിന്ദൻ, പി.എൻ. സുരേന്ദ്രൻ എന്നിവരാണ് യഥാക്രമം ചെയർപേഴ്‌സനും വൈസ് ചെയർപേഴ്‌സനും. കൊടുങ്ങല്ലൂരിൽ സി.പി.ഐയിലെ ഹണി പീതാംബരൻ ചെയർപേഴ്‌സനായപ്പോൾ സി.പി.എമ്മിലെ സുമിത നിസാഫാണ് വൈസ് ചെയർപേഴ്‌സൺ. രണ്ടു സ്ഥാനത്തും വനിതകളാണെന്ന പ്രത്യേകതയും കൊടുങ്ങല്ലൂരിനുണ്ട്. കുന്നംകുളം നഗരസഭയിൽ സൗമ്യ അനിലൻ ചെയർപേഴ്‌സനും പി.ജി. ജയപ്രകാശ് വൈസ് ചെയർപേഴ്‌സനുമായി. ക്ഷേത്ര നഗരമായ ഗുരുവായൂരിൽ സുനിത അരവിന്ദൻ ചെയർപേഴ്‌സനായപ്പോൾ സി.പി.ഐ മുൻ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജിന്റെ അനിയൻ ജ്യോതിരാജ് വൈസ് ചെയർപേഴ്‌സനായി. ചാവക്കാട് നഗരസഭയിൽ സി.പി.എമ്മുകാരായ എ.എച്ച്. അക്ബർ ചെയർപേഴ്‌സനും ബിൻസി സന്തോഷ് വൈസ് ചെയർപേഴ്‌സനുമായി. ഇരിങ്ങാലക്കുട നഗരസഭയിൽ കോൺഗ്രസിലെ എം.പി ജാക്‌സൺ ചെയർപേഴ്‌സനും ചിന്ത ധർമ്മരാജൻ വൈസ് ചെയർപേഴ്‌സനുമായി. ഏഴ് നഗരസഭകളിൽ ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ മാത്രമാണ് യു.ഡി.എഫിന് ഭരണമുള്ളത്. ചാവക്കാട്, ഗുരുവായൂർ. കൊടുങ്ങല്ലൂർ, കുന്നംകുളം, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ എൽ.ഡി.എഫാണ് ഭരണത്തിലെത്തിയത്.