കോഴയിൽ കെട്ട് മേയർ ശോഭ !

Saturday 27 December 2025 12:00 AM IST

തൃശൂർ : പത്ത് വർഷത്തിന് ശേഷം കോർപറേഷനിലേക്ക് അധികാരത്തിൽ തിരിച്ചെത്തിയതിന് പിന്നാലെ, കോൺഗ്രസ് മേയർ സ്ഥാനമേൽക്കലിന്റെ ആഘോഷം ലാലി ജയിംസ് ഉയർത്തിയ കോഴ വിവാദത്തിൽ മുങ്ങി. മേയർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോർപറേഷന് മുന്നിൽ വച്ച് പണം വാങ്ങി നേതൃത്വം മേയർ പദവി വിറ്റെന്ന ആരോപണമുയർത്തിയത്. കോഴ ആരോപണത്തിൽ പ്രസ്താവനകളുമായി ഇടതു സംഘടനകളും രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു.

വോട്ടെടുപ്പിൽ കോൺഗ്രസിന് അനുകൂലമായി അവർ വോട്ട് ചെയ്‌തെങ്കിലും വരും നാളുകളിൽ ലാലിയുടെ പ്രസ്താവനയുടെ പ്രകമ്പനങ്ങൾ പൊട്ടിത്തെറിക്ക് വഴിവച്ചേക്കും. മറുപടി പ്രസംഗത്തിനിടെ ഡി.സി.സി നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കുമെന്ന മേയറുടെ പ്രസ്താവനയ്‌ക്കെതിരെ സി.പി.എമ്മിലെ അനീസ് അഹമ്മദ് രംഗത്തെത്തിയപ്പോൾ ലാലി ജയിംസ് ഡെസ്‌കിലിടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മുൻ മേയർ രാജൻ പല്ലനെതിരെയും മുതിർന്ന നേതാവ് കെ.സി.വേണുഗോപാലിനെതിരെയും അവർ രംഗത്തെത്തി.

തീരുമാനം ശരിയായ രീതിയിലെന്ന് ടാജറ്റ്

മേയർ തീരുമാനം എല്ലാം മാനദണ്ഡങ്ങളും പാലിച്ചാണ് തീരുമാനിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് പറഞ്ഞു. കെ.പി.സി.സി നിർദ്ദേശം പാലിച്ചു. അതോടൊപ്പം ജില്ലയിലെ കോർ കമ്മിറ്റി യോഗം ചേർന്ന് അഭിപ്രായം തേടി. അവർ പാവമാണെന്ന് അറിഞ്ഞുതന്നെയാണ് നാല് തവണ മത്സരിപ്പിച്ചത്. ഇന്നലത്തെ കാര്യങ്ങളെല്ലാം മേൽഘടകങ്ങൾക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ടാജറ്റ് കൂട്ടിച്ചേർത്തു.

വിജിലൻസ് അന്വേഷിക്കണം: സി.പി.ഐ

മേയർ സ്ഥാനത്തിന് ഡി.സി.സി പ്രസിഡന്റ് കോഴ ആവശ്യപ്പെട്ടതായി കൗൺസിലർ പരസ്യപ്പെടുത്തിയ സാഹചര്യത്തിൽ, ജോസഫ് ടാജറ്റിനെതിരെ വിജിലൻസ് അന്വേഷിക്കണമെന്ന് സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. ഗുരുതരമായ ആരോപണങ്ങളാണ് കോൺഗ്രസ് ജില്ലാ - സംസ്ഥാന-ദേശീയ നേതാക്കൾക്കെതിരെ ലാലി ഉന്നയിച്ചത്. സംസ്ഥാന കൗൺസിൽ അംഗം വി.എസ്.പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.രാജേന്ദ്രൻ, കെ.കെ.വത്സരാജ്, മന്ത്രി കെ.രാജൻ, അഡ്വ.വി.എസ്.സുനിൽകുമാർ, ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.

എന്താണ് കോൺഗ്രസെന്ന് മനസിലായി

എന്താണ് കോൺഗ്രസെന്നതിന്റെ മറുപടി ലാലി ജെയിംസിന്റെ വാക്കുകളിലുണ്ട്. കോൺഗ്രസ് ചെന്നെത്തിയ അധ:പതനത്തിന്റെ നേർച്ചിത്രമാണ് കൗൺസിലറുടെ വാക്കുകൾ. വഞ്ചനയും കുതികാൽ വെട്ടും അഴിമതിയും കൊണ്ട് മുഖരിതമായ ഒരു പാർട്ടി, എങ്ങനെയാണ് ഇവരെ വിശ്വസിക്കുക.

കെ.വി.അബ്ദുൾ ഖാദർ.

ജില്ലാ സെക്രട്ടറി, സി.പി.എം

അച്ചടക്കം പഠിപ്പിക്കും

അച്ചടക്ക നടപടിയുണ്ടായാൽ രാജൻ പല്ലൻ അടക്കമുള്ളവരെ കുറിച്ച് തുറന്നടിക്കും. കൗൺസിലർമാരിൽ ഭൂരിഭാഗവും എന്റെ പേരാണ് പറഞ്ഞത്. എന്നിട്ടും തഴഞ്ഞു. ഒരു വർഷമെങ്കിലും മേയർ ആക്കുമോ എന്ന് ചോദിച്ചു. ഇടയ്ക്ക് ഒരു വർഷം നൽകാമെന്ന് പറഞ്ഞു. മൂന്ന് ദിവസം മുമ്പ് ഡി.സി.സിയിലേക്ക് വിളിപ്പിച്ചിരുന്നു. എം.പി.വിൻസെന്റ്, ടി.എൻ.പ്രതാപൻ, ഡി.സി.സി പ്രസിഡന്റ് എന്നിവരുണ്ടായിരുന്നു. രണ്ടാമത്തെയോ മൂന്നാമത്തെയോ ടേമിലേക്ക് തന്നുകഴിഞ്ഞാൽ അംഗീകരിക്കുമോയെന്ന് ചോദിച്ചു. ആദ്യ ഒരുവർഷം എനിക്ക് തന്നിട്ട് ബാക്കി നാലുവർഷം ഒരാൾക്ക് കൊടുത്തോളൂ, എനിക്ക് വിഷമമുണ്ടാകില്ലെന്ന് പറഞ്ഞു. ആഗ്രഹങ്ങൾ തന്നത് പാർട്ടിയാണ് .

ലാലി ജെയിംസ്

കൗൺസിലർ