കുഞ്ഞിപ്പള്ളിയിൽ വൻ മയക്കുമരുന്ന് ശേഖരം കണ്ടെത്തി; നിരവധി കേസുകളിൽ പ്രതിയായ നിസാം അറസ്റ്രിൽ

Friday 26 December 2025 10:41 PM IST

കണ്ണൂർ: നിരവധി മയക്കുമരുന്നു കേസുകളിലെ പ്രതിയായ കുഞ്ഞിപ്പള്ളിയിലെ നിസാമിന്റെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിൽ 12.01ഗ്രാം എം.ഡി.എം.എ, 2.01ഗ്രാം എം.ഡി.എം.എ ടാബ്ലറ്റ്, 950ഗ്രാം കഞ്ചാവ്, 3.330ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ ടൗൺ എസ്‌.ഐ വി.വി ദീപ്തിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ടെത്തി. സംഭവത്തിൽ നിസാമിനെ അറസ്റ്റുചെയ്തു.

കഴിഞ്ഞ രാത്രി കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ കണ്ണൂർ എസ്.എൻ പാർക്കിനു സമീപം ടൗൺ പൊലീസ് നിസാമിനെ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് മയക്കുമരുന്ന് സൂക്ഷിച്ച വിവരം പുറത്തായത്. നിസാമിന്റെ 2022 മാർച്ച് മാസം കണ്ണൂരിൽ നിന്നും ടൗൺ പൊലീസ് രണ്ടുകിലോയോളം എം.ഡി.എം.എയും ബ്രൗൺഷുഗറും ഓപ്പിയവും അടക്കമുള്ള മയക്കുമരുന്നുമായി മുഴപ്പിലങ്ങാട് സ്വദേശി തോട്ടന്റവിട ഹൗസിൽ അഫ്സൽ, ഭാര്യ ബൾകീസ് എന്നിവരെ പിടികൂടിയിരുന്നു. ഇതിലെ മുഖ്യകണ്ണിയായ നിസാമിനെ മഞ്ചേശ്വരം ഹൊസങ്കടിയിൽ നിന്നാണ് പിടികൂടിയത്. ഇതിൽ വിചാരണ നടപടികൾ തുടരവേ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും വിൽപന തുടർന്നത്.