ഉദ്ഘാടനത്തിന് മുമ്പ് തകര്‍ന്ന് വീണ് റോപ്പ്‌വേ; ചെലവാക്കിയത് 13 കോടി രൂപ

Friday 26 December 2025 10:44 PM IST

പട്‌ന: കോടികള്‍ ചെലവിട്ട് നിര്‍മിച്ച റോപ്പ്‌വേ ഉദ്ഘാടനത്തിന് മുമ്പ് തകര്‍ന്ന് വീണു. പുതുവത്സരത്തിന് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് റോപ്പ്‌വേ തകര്‍ന്നത്. ട്രയല്‍ റണ്‍ നടക്കുന്നതിനിടെയാണ് അപകടം. എന്നാല്‍ ആര്‍ക്കും അപായം സംഭവിച്ചിട്ടില്ല. റോഹ്താസ്ഗഡ് കോട്ടയിലേക്കും രോഹിതേശ്വര്‍ ധാം ക്ഷേത്രത്തെയും ബന്ധിപ്പിക്കുന്ന റോപ്പ്വേ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. പിന്നാലെ നടന്ന രണ്ടാം ട്രയലില്‍ പൊട്ടി വീഴുകയായിരുന്നു.

13 കോടി രൂപ ചെലവാക്കിയാണ് റോപ്പ്‌വേ നിര്‍മ്മിച്ചത്. ടെക്‌നിക്കല്‍ ടീമിന്റേയും എഞ്ചിനീയര്‍മാരുടേയും സാന്നിദ്ധ്യത്തിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. റോപ്പ്വേ പൊട്ടി വീണതിന് പിന്നാലെ തൂണുകളും തകര്‍ന്ന് വീഴുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കോ ജീവഹാനിയോ സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പുതുവത്സര ദിനത്തില്‍ റോപ്പ്വേ ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചിരുന്നതാണെന്നും 13.65 കോടി രൂപ ചെലവ് വരുന്ന റോപ്പ്വേയ്ക്ക് 2019 ല്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തറക്കല്ലിട്ടതാണ് ഈ പദ്ധതിക്ക്.

2020 ഫെബ്രുവരിയിലാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. 70 കിലോമീറ്റര്‍ യാത്ര മിനിറ്റുകളായി കുറയ്ക്കുന്ന പദ്ധതിയാണിത്. പ്രദേശത്തെ ആളുകള്‍ ഈ റോപ്പ്വേയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ക്ഷേത്രവും കോട്ടയും സന്ദര്‍ശിക്കുന്ന ഭക്തര്‍ക്കും വിനോദസഞ്ചാരികള്‍ക്കും യാത്ര വളരെയധികം സുഗമമാക്കുക എന്നതായിരുന്നു ലക്ഷ്യം. അപകടത്തിന്റെ കാരണം ഉള്‍പ്പെടെ വിശദമായി പരിശോധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.