ഭീകരപ്രവർത്തനം നേരിടാൻ ഏകീകൃത എ.ടി.എസ്

Saturday 27 December 2025 12:04 AM IST

ന്യൂഡൽഹി: രാജ്യത്തെ ഭീകരപ്രവർത്തനങ്ങൾ നേരിടാൻ സംസ്ഥാനങ്ങളിലെ ഭീകരവിരുദ്ധ സ്‌ക്വാഡുകളെ (എ.ടി.എസ്) കോർത്തിണക്കി ഏകീകൃത ചട്ടക്കൂട് നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ഡൽഹിയിൽ ഭീകരവിരുദ്ധ കോൺഫറൻസ് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി.

നവംബർ പത്തിന് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ കാശ്മീരും യു.പിയും ഹരിയാനയും ഡൽഹിയും അടക്കം താവളമാക്കിയാണ് ഭീകരർ പ്രവർത്തിച്ചത്. ഈ പശ്ചാത്തലത്തിലാണ് തീരുമാനം.

ഡൽഹിയിലെ സ്‌ഫോടനത്തിന് ഭീകരർ 40 കിലോയിൽപ്പരം സ്‌ഫോടകവസ്‌തുക്കളാണ് ഉപയോഗിച്ചത്. ഇത്തരം സംഘടിത കുറ്റകൃത്യങ്ങൾക്ക് കടുത്ത തിരിച്ചടി നൽകും. അതിനായി കർമ്മപദ്ധതി രൂപീകരിക്കുന്നതായും അമിത് ഷാ അറിയിച്ചു.

ഓപ്പറേഷനുകളിൽ സുരക്ഷാ ഏജൻസികൾക്ക് കൂടുതൽ ഏകോപനത്തോടെയും കാര്യക്ഷമതയോടെയും പ്രവർത്തിക്കാൻ ഏകീകൃത എ.ടി.എസ് സംവിധാനം സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതു ചട്ടക്കൂട് വികസിപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾക്ക് കൈമാറിയിട്ടുണ്ട്. അതു നടപ്പാക്കാൻ

ഡി.ജി.പിമാർക്ക് നിർദ്ദേശം നൽകി.

ദേശീയ ഇന്റലിജൻസ് പ്ലാറ്റ്ഫോമുകളായ നാഷണൽ ഇന്റഗ്രേറ്റഡ് ഡേറ്രബേസ് ഓൺ അറസ്റ്റഡ് നാർകോ ഒഫൻഡേഴ്സ് (നിദാൻ), നാഷണൽ ഇന്റലിജൻസ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) എന്നിവയെ സംസ്ഥാനങ്ങളിലെ എ.ടി.എസ് യൂണിറ്റുകൾ പ്രയോജനപ്പെടുത്തണം.

ഏകീകൃത എ.ടി.എസ് ഗുണങ്ങൾ

1. ഭീകരതയുമായി ബന്ധപ്പെട്ട ഭീഷണികളെ

കൃത്യമായി വിലയിരുത്താൻ സാധിക്കും

2. രഹസ്യാന്വേഷണ വിവരങ്ങൾ

ഫലപ്രദമായി പങ്കിടാൻ കഴിയും

3. വിവിധ ഏജൻസികൾക്ക് ഓപ്പറേഷനുകൾ

ഏകോപിപ്പിച്ച് നടപ്പാക്കാം