സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം: കർമ്മസമിതി അംഗങ്ങൾക്ക് പരിശീലനം

Saturday 27 December 2025 7:28 AM IST

ആലപ്പുഴ: സംസ്ഥാന പുരോഗതിക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും നൽകാൻ ജനങ്ങളുടെ അഭിപ്രായങ്ങൾ ആരായാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി കർമ്മസമിതി അംഗങ്ങൾക്കുള്ള പരിശീലനത്തിന് ജില്ലയിൽ തുടക്കമായി.അരൂർ മണ്ഡലത്തിലെ സമിതി അംഗങ്ങൾക്കുള്ള പരിശീലനമാണ് ആരംഭിച്ചത്. വീടുകൾ, തൊഴിൽശാലകൾ, കൃഷിയിടങ്ങൾ, ഫ്ളാറ്റുകൾ, ഉന്നതികൾ, വിദ്യാഭ്യാസ-ആരോഗ്യസ്ഥാപനങ്ങൾ, കുടുംബശ്രീ, ഗ്രാമീണ തൊഴിലുറപ്പ് മേഖലകൾ, പൊതുഇടങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ മേഖലയും കർമ്മസേനാംഗങ്ങൾ സന്ദർശിച്ച് അഭിപ്രായങ്ങൾ ശേഖരിക്കും. ജനകീയ പങ്കാളിത്തത്തോടെ നവകേരളം പടുത്തുയർത്താനുള്ള സംസ്ഥാന സർക്കാരിന്റെ പരിശ്രമത്തിന് കൂടുതൽ ആക്കവും ദിശാബോധവും നൽകാനാണ് പഠനപരിപാടി സംഘടിപ്പിക്കുന്നത്.

ജില്ലാ കളക്ടർ ചെയർമാനായ ജില്ലാതല നിർവാഹക സമിതിയുടെ നേതൃത്വത്തിലാണ് ജില്ലയിലെ പദ്ധതിയുടെ നടപടികൾ പുരോഗമിക്കുന്നത്. കുത്തിയതോട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ആദ്യ പരിശീലന പരിപാടിക്ക് സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം ജില്ലാതല നിർവാഹക സമിതി കൺവീനറും ജില്ലാ ഇൻഫർമേഷൻ ഓഫീസറുമായ കെ.എസ് സുമേഷ്, അംഗങ്ങളായ കെ.എസ്.രാജേഷ്, പി.ജയരാജ്‌, ജെ.ജയലാൽ, അരൂർ മണ്ഡലതല ചാർജ് ഓഫീസർ ദേവരാജ് കർത്ത തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലയിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും തുടർന്നുള്ള ദിവസങ്ങളിൽ കർമ്മസമിതി അംഗങ്ങൾക്കുള്ള പരിശീലനം നടക്കും. ജനുവരി ഒന്ന് മുതലാണ് വിവര ശേഖരണം നടത്തുക.