സാഹിത്യ നോബൽ പീറ്ററിനും ഓൾഗയ്ക്കും
സ്റ്റോക്ക്ഹോം: സാഹിത്യത്തിനുള്ള 2018, 19 വർഷങ്ങളിലെ നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു. 2019ലെ പുരസ്‌കാരത്തിന് ആസ്ട്രിയൻ നോവലിസ്റ്റും കവിയും നാടകകൃത്തുമായ പീറ്റർ ഹാൻഡ്കെ (76 ) അർഹനായപ്പോൾ 2018ലെ പുരസ്കാരം നേടിയത് പോളിഷ് എഴുത്തുകാരി ഓൾഗ ടോകാർചുക്കാണ്.കഴിഞ്ഞ വർഷത്തെ മാൻ ബുക്കർ പ്രൈസും ഓൾഗയ്‌ക്കായിരുന്നു.
ജർമ്മൻ ഭാഷയിൽ ഏറ്റവും ചിന്തോദ്ദീപകമായി എഴുതുന്നവരിൽ ഒരാളായ പീറ്റർ ഹാൻഡ്കെ രാഷ്‌ട്രീയ നിലപാടുകളാൽ വിവാദനായകനുമാണ്.അമ്മയുടെ ആത്മഹത്യ പ്രമേയമാക്കി 1975ൽ പ്രസിദ്ധീകരിച്ച എ സോറോ ബിയോണ്ട് ഡ്രീംസ് അദ്ദേഹത്തിന്റെ പ്രശസ്‌ത കൃതിയാണ്. ജർമ്മനിയുടെ പ്രശസ്തമായ ബുക്കാനർ പുരസ്‌കാരം തിരിച്ചു നൽകിയ അദ്ദേഹം 2014ൽ സാഹിത്യ നോബൽ സമ്മാനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.സ്ലോബോദൻ മിലോസേവിച്ചിന്റെ വംശഹത്യാ ഭരണകൂടത്തെ പിന്തുണച്ചതിന് ഹാൻഡ്കെയെ 1999ൽ സൽമാൻ റുഷ്‌ദി 'ഈ വർഷത്തെ മന്ദബുദ്ധി' എന്ന് വിശേഷിപ്പിച്ചത് മറ്റൊരു വിവാദമായിരുന്നു.
1993ൽ പ്രസിദ്ധീകരിച്ച ദ ജേർണി ഒഫ് ദ ബുക്ക് പീപ്പിൾ എന്ന കൃതിയാണ് ഓൾഗയുടെ ആദ്യ നോവൽ. 2014ൽ പുറത്തിറങ്ങിയ ദ ബുക്ക്സ് ഒഫ് ജേക്കബ് ആണ് ഓൾഗയുടെ മാസ്റ്റർപീസ്. സ്വീഡിഷ് അക്കാഡമിയെ ചുറ്റിപ്പറ്റിയുള്ള
ലൈംഗികാരോപണങ്ങളെയും സാമ്പത്തിക അഴിമതികളെയും തുടർന്ന് 2018ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചിരുന്നില്ല.