ബിന്ദു പത്മനാഭൻ കൊലകേസ്: കുറ്റപത്രം സമർപ്പിച്ചു

Friday 26 December 2025 11:45 PM IST

ചേർത്തല: ചേർത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ കൊല ചെയ്യപ്പെട്ട കേസിൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് ചേർത്തല ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചു. ഇത് വിചാരണക്കോടതിയായ ആലപ്പുഴ സെഷൻസ് കോടതിയിലേക്ക് കൈമാറും. പള്ളിപ്പുറം സ്വദേശിയും വസ്തു ഇടനിലക്കാരനുമായ സി.എം. സെബാസ്റ്റ്യനെ ഒന്നാം പ്രതിയാക്കിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. ഇതിനൊപ്പം സെബാസ്റ്റ്യനടക്കം 11 പേർ പ്രതിയായ വസ്തു തട്ടിപ്പും വ്യാജരേഖ ചമക്കലും അടക്കമുള്ള മൂന്നു കേസുകളും ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്. നിലവിൽ ബിന്ദുപത്മനാഭൻ ഉൾപ്പെടെ മൂന്നു കൊലപാതക കേസുകളും വ്യാജരേഖ ചമച്ചുള്ള സാമ്പത്തീക തട്ടിപ്പുമുൾപ്പെടെ രജിസ്റ്റർ ചെയ്ത കേസിൽ സെബാസ്റ്റ്യൻ വിയ്യൂർ ജയിലിലാണ്. 2017 ൽ ബിന്ദുപത്മനാഭനെ കാണാതായതായി കാട്ടി പ്രവീൺകുമാർ സംസ്ഥാന ആഭ്യന്തര വകുപ്പിന് നൽകിയ പരാതിയിൽ പട്ടണക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. 2018ൽ തന്നെ ബിന്ദുപത്മനാഭന്റെ സ്വത്ത് വ്യാജ രേഖകൾ ചമച്ചു തട്ടിയെടുത്തതായ കേസുകളെടുത്തെങ്കിലും മൂന്നു മാസം മുമ്പാണ് ബിന്ദു കൊല ചെയ്യപെട്ടന്നു കണ്ടെത്തി കേസെടുത്തത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മനോജിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. ക്രൈംബ്രാഞ്ച് സി.ഐ ഹേമന്ത്കുമാർ,എസ്.ഐ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.