ഡോക്ടറുടെ വീട്ടിൽ നിന്ന് 10 ലക്ഷം രൂപയുടെ സ്വർണം കവർന്നു

Saturday 27 December 2025 12:58 AM IST

കരമന: അവധിക്ക് നാട്ടിൽ പോയ ഡോക്ടറുടെ വാടക വീട് കുത്തിത്തുറന്ന് പത്തുലക്ഷം രൂപയുടെ സ്വർണം കവർന്നു. ഐരാണിമുട്ടം ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജ് ആർ.എം.ഒയും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.ടിനുവിന്റെ കാലടി കുളത്തറ റോഡിലുള്ള വാടകവീട്ടിലാണ് സംഭവം.

ഇന്നലെ പുലർച്ചെ മൂന്നോടെയാകാം മോഷണം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ക്രിസ്‌മസ് അവധിയായതിനാൽ ഡോക്ടറും കുടുംബവും എറണാകുളത്തെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ട അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്.

സമീപത്തെ വീടിന്റെ മുൻവാതിലും കുത്തിത്തുറന്ന നിലയിലായിരുന്നു. ഈ വീട്ടിലുള്ളവർ ചെന്നൈയിലാണ്,​ അവരെത്തിയ ശേഷമേ എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് വ്യക്തമാകൂവെന്ന് ഫോർട്ട് എസ്.ഐ ഹരികുമാർ പറഞ്ഞു. ഫോർട്ട് പൊലീസെത്തി പ്രാഥമിക പരിശോധന നടത്തി. ഫിംഗർ പ്രിന്റ്,ഡോഗ് വിദഗ്ദ്ധ സംഘങ്ങളും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.