ഇന്ത്യയുടെ ഭാവി കുട്ടികളിലും യുവാക്കളിലും: പ്രധാനമന്ത്രി

Saturday 27 December 2025 12:02 AM IST

ന്യൂഡൽഹി: കുട്ടികളുടെയും യുവാക്കളുടെയും ഭാവിയിലൂടെ ഇന്ത്യ പ്രകാശിക്കുമെന്നും അവരുടെ ധൈര്യവും കഴിവും സമർപ്പണവും രാജ്യ പുരോഗതിയെ നയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന 'വീർ ബാൽ ദിവസ്" പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത 25 വർഷങ്ങൾ രാജ്യത്തിന്റെ ദിശ നിർണയിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ഇന്ത്യയുടെ കഴിവുകളും അഭിലാഷങ്ങളും ലോകത്തിന്റെ പ്രതീക്ഷകളും ഒത്തുചേരുകയാണെന്നും പറഞ്ഞു.കുട്ടികളുടെയും യുവാക്കളുടെയും കഴിവും ആത്മവിശ്വാസവും താൻ കാണുകയും മനസിലാക്കുകയും ചെയ്യുന്നു. അതിനാൽ അവരിൽ വലിയ വിശ്വാസമർപ്പിക്കുന്നു. കുട്ടി വിവേകത്തോടെ സംസാരിച്ചാലും അംഗീകരിക്കപ്പെടണം. മഹത്വം പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല, പ്രവൃത്തികളും നേട്ടങ്ങളുമാണ് വലുത്. യുവാക്കൾ സ്വപ്നം കാണാൻ പോലും ഭയപ്പെട്ടിരുന്ന മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ന് രാജ്യം അവരുടെ കഴിവുകളെ അംഗീകരിക്കുന്നു. എല്ലാ മേഖലകളിലും യുവാക്കൾക്ക് പുതിയ അവസരങ്ങൾ തുറക്കുന്നു. ഇന്ന് യുവാക്കൾക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നു- മോദി പറഞ്ഞു.