മദ്യപിക്കാനുള്ള പണത്തെച്ചൊല്ലി തർക്കം: ഒരാൾക്ക് വെടിയേറ്റു

Saturday 27 December 2025 12:04 AM IST

കാട്ടാക്കട: ബന്ധുക്കൾ തമ്മിലുള്ള വാക്കുതർക്കത്തിനിടെ എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് ഒരാൾക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ഓടെ മാറനല്ലൂർ പെരുംകുളത്താണ് സംഭവം. വെടിയേറ്റ മാറനല്ലൂർ പെരുകുളം മുദയൽ ഗായത്രി ഭവനിൽ അജിത്തിനെ (27) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി സജീവിനെ പൊലീസ് പിടികൂടി.

അജിത്തിന്റെ ഭാര്യയോട് സജീവ് മദ്യപിക്കാൻ പണം ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് കാട്ടാക്കട പൊലീസ് പറഞ്ഞു. അജിത്തിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ശേഷം രണ്ടുതവണ വെടിവയ്ക്കുകയായിരുന്നു. നെഞ്ചിന് നേരെയാണ് വെടിവച്ചതെങ്കിലും അജിത്ത് ഒഴിഞ്ഞുമാറിയതിനാൽ തോളിൽ കൊള്ളുകയായിരുന്നു. തുടർന്ന് വീണ്ടും വെടി ഉതിർത്തു. നിരവധി കേസുകളിൽ പ്രതിയാണ് അജിത്ത്. കൊലപാതകക്കേസിൽ സജീവ് പ്രതിയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവിൽപ്പോയ സജീവ് രാത്രിയോടെ വീണ്ടും വീട്ടിലെത്തി ബഹളംവച്ചു.

വിവരമറിഞ്ഞെത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻ‌ഡ് ചെയ്‌തു. വട്ടപ്പാറ സ്വദേശികളായ അജിത്തും സജീവും കഴിഞ്ഞ മൂന്നുമാസമായി മാറനല്ലൂർ പെരുംകുളത്താണ് (ഗായത്രി ഭവനിൽ) വാടകയ്‌ക്ക് താമസിക്കുന്നത്. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

ഫോട്ടോ: സംഭവം നടന്ന വീട്ടിൽ ഫോറൻസിക് വിദഗ്ദ്ധർ

തെളിവെടുപ്പ് നടത്തുന്നു

ഫോട്ടോ: അറസ്റ്റിയ പ്രതി സജീവ്