പൊൻമുടിയിൽ വൻ തിരക്ക് ടൂറിസ്റ്റുകളെ മടക്കിഅയച്ചു

Saturday 27 December 2025 2:59 AM IST

ഭക്ഷണവും വെള്ളവുമില്ലാതെ സഞ്ചാരികൾ

വിതുര: ക്രിസ്മസ് അവധി ആരംഭിച്ചതോടെ പൊൻമുടിയിലേക്ക് സഞ്ചാരികളുടെ വൻ തിരക്ക്. ക്രിസ്മസ് ദിനത്തിൽ ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തിയത്. ദിവസങ്ങളായി തുടരുന്ന കടുത്ത മഞ്ഞുകാരണം മറ്റ് ദിവസങ്ങളിലും തിരക്ക് അനുഭവപ്പെട്ടിരുന്നെങ്കിലും ഈ വർഷത്തെ ഏറ്റവും വലിയ തിരക്കാണ് ക്രിസ്മസ് ദിനത്തിലുണ്ടായത്. ക്രിസ്മസിന് കെ.എസ്.ആർ.ടി.സി പൊൻമുടിയിലേക്ക് സ്പെഷ്യൽ സർവീസുകൾ നടത്തിയിരുന്നു. കെ.എസ്.ആർ.ടി.സിക്ക് മികച്ച വരുമാനവും ഇതുവഴി ലഭിച്ചു. എന്നാൽ സഞ്ചാരികൾ ഭക്ഷണത്തിനും വെള്ളത്തിനുമായി ഏറെ വലഞ്ഞ അവസ്ഥയായിരുന്നു.

ഗതാഗതക്കുരുക്കും

തിരക്കേറിയതോടെ മൂന്ന് കിലോമീറ്റർ വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. പൊൻമുടി കല്ലാർ റൂട്ടിൽ രൂപപ്പെട്ട ഗതാഗതക്കുരുക്ക് വിതുര വരെ നീണ്ടു. പൊൻമുടി പൊലീസും വനംവകുപ്പും ഏറെ പണിപ്പെട്ടാണ് സഞ്ചാരികളെ നിയന്ത്രിച്ചത്. കഴിഞ്ഞ ക്രിസ്മസിനും പൊൻമുടിയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

കളക്ഷൻ 5 ലക്ഷം

എണ്ണായിരത്തോളം ടൂറിസ്റ്റുകളാണ് ക്രിസ്മസ് ദിനത്തിൽ പൊൻമുടിയിലെത്തിയത്. ആയിരത്തിൽപ്പരം ടൂറിസ്റ്റുകളും നൂറിലേറെ വാഹനങ്ങളും മടങ്ങിപ്പോയി. കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം,ബോണക്കാട്,പേപ്പാറ,ചാത്തൻകോട്,ചീറ്റിപ്പാറ ടൂറിസം മേഖലകളിലും ക്രിസ്മസ്ദിനത്തിൽ ആയിരക്കണക്കിന് ടൂറിസ്റ്റുകളെത്തി. വനംവകുപ്പിന് പാസ് ഇനത്തിൽ അഞ്ച് ലക്ഷത്തോളം രൂപ ലഭിച്ചതായാണ് കണക്ക്.

തിരക്ക് തുടരും

വിതുര മേഖലയിലെ ബോണക്കാട്,കല്ലാർ,പേപ്പാറ ടൂറിസം മേഖലകളിലും സഞ്ചാരികളുടെ തിരക്ക് ഇപ്പോഴും തുടരുകയാണ്. അവധിക്കാലമായതിനാൽ ഇനി ന്യൂ ഇയർ വരെ തിരക്ക് തുടരും. അതേസമയം ടൂറിസ്റ്റുകൾക്ക് ഭീഷണിയായി പൊൻമുടി,കല്ലാർ,പേപ്പാറ,ബോണക്കാട് മേഖലകളിൽ കാട്ടുമൃഗങ്ങളുടെ ശല്യം വർദ്ധിച്ചിട്ടുണ്ട്. പകൽസമയത്തുപോലും കാട്ടാനയും കാട്ടുപോത്തും റോഡിലേക്കിറങ്ങുന്നുണ്ട്. സഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന് പൊലീസും വനപാലകരും അറിയിച്ചു.