വനിതാ ക്രിക്കറ്റ് ആവേശമുയർത്തി കാര്യവട്ടം
തിരുവനന്തപുരം: ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ ആരവത്തോടെയാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കാണികൾ വരവേറ്റത്. അഞ്ചരയോടെ ഇരുടീമുകളും സ്റ്റേഡിയത്തിലെത്തി. ക്യാപ്ടൻ ഹർമൻ പ്രീത് കൗർ, സ്മൃതി മാന്ഥന ജമീമ റോഡ്രിഗസ് എന്നിവരെയൊക്കെ കൈയടികളോടെ ഗാലറി വരവേറ്റു.
ലങ്ക ആദ്യ ബാറ്റിംഗിനിറങ്ങി വിക്കറ്റുകൾ നഷ്ടമായപ്പോൾ ഗാലറിയിൽ ആവേശമുയർന്നു. എന്നാൽ കാണികളെ ഏറെ സന്തോഷിപ്പിച്ചത് ഇന്ത്യയുടെ, പ്രത്യേകിച്ച് ഷെഫാലിയുടെ ബാറ്റിംഗാണ്. ആദ്യ ഓവറിൽതന്നെ ലോംഗ് ഓണിലേക്ക് ഷെഫാലിയുടെ ബാറ്റിൽ നിന്ന് സിക്സ് പറന്നിരുന്നു. മൂന്ന് സിക്സുകളും 11ബൗണ്ടറികളും ഷെഫാലി പായിച്ചു. ഷെഫാലിയുടെ ബൗണ്ടറിയിലൂടെയാണ് ഇന്ത്യയുടെ വിജയ റൺ പിറന്നതും.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അവസാന രണ്ട് ട്വന്റി-20കളും കാര്യവട്ടത്താണ് നടക്കുന്നത്. നാളെ രാത്രി 7നാണ് അടുത്ത മത്സരം. അവസാന മത്സരം ചൊവ്വാഴ്ച നടക്കും.