കുറ്റകൃത്യം ചെയ്താലും പുന്നാരമകൻ, മാതാവിനെ വിമർശിച്ച് ഹൈക്കോടതി

Saturday 27 December 2025 1:03 AM IST

ന്യൂഡൽഹി: മകൻ കൊടും കുറ്റകൃത്യം ചെയ്‌താലും അതുമറയ്‌ക്കാൻ മാതാവ് ശ്രമിക്കുന്നു. അഞ്ച് വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ മകനെ സംരക്ഷിക്കാൻ മാതാവ് ശ്രമിച്ചതിനെ രൂക്ഷമായി വിമർശിച്ചുള്ള പഞ്ചാബ് - ഹരിയാന ഹൈക്കോടതിയുടെ പരാമർശമാണിത്.

ഇന്ത്യയിൽ കുടുംബാംഗങ്ങൾ, പ്രത്യേകിച്ചും അമ്മമാർ, മകനെ രാജകുമാരനെന്ന നിലയിലാണ് വളർത്തുന്നത്. എത്രത്തോളം വില്ലത്തരങ്ങൾ പുറത്തുവന്നാലും അവർക്ക് പുന്നാരമകനാണ്. ഈകേസിൽ മകനെ രക്ഷിക്കാൻ മാതാവിന്റെ ഭാഗത്തു നിന്നുണ്ടായ പ്രവൃത്തികൾ അപലപനീയമാണ്. എന്നാൽ ക്രിമിനൽ കുറ്റം ചുമത്തി മാതാവിനെ ശിക്ഷിക്കാനാകില്ല. മകൻ കുറ്റകൃത്യം നടത്തിയെന്ന് മനസിലാക്കിയാൽ സംരക്ഷിക്കാനല്ല മാതാവ് ശ്രമിക്കേണ്ടത്. ഇരയായ പെൺകുട്ടിക്ക് നീതി ഉറപ്പാക്കാൻ സഹകരിക്കണമായിരുന്നെന്നും ജസ്റ്റിസുമാരായ അനൂപ് ചിറ്റ്കാര, സുഖ്‌വിന്ദ‌ർ കൗർ എന്നിവരടങ്ങിയ ബെ‌ഞ്ച് വിലയിരുത്തി.

രാജ്യത്തെ പുരുഷമേധാവിത്ത മനോനിലയും, സംസ്‌കാരവുമാണിത് വ്യക്തമാക്കുന്നത്. യുവാവ് ചെകുത്താനായി മാറുമെന്ന് ഇരയായ 5 വയസുകാരി വിചാരിച്ചിരുന്നില്ല. അയാളെ അത്രത്തോളം വിശ്വസിച്ച് യുവാവിന്റെ കൈയിൽ പിടിച്ചു ആ കുരുന്ന് നടന്നുനീങ്ങുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും ഹൈക്കോടതി പറഞ്ഞു. വിചാരണക്കോടതി മകന് വധശിക്ഷയും, മകന്റെ കുറ്റം മറച്ചുവയ്‌ക്കാൻ ശ്രമിച്ചതിന് മാതാവിന് ഏഴുവർഷം തടവും വിധിച്ചിരുന്നു. ഇതിനെതിരെ ഇരുവരും സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. വധശിക്ഷ 30 വർഷം കഠിനതടവാക്കി മാറ്റി. മാതാവിനെ കുറ്റവിമുക്തയാക്കി. പിഴത്തുകയായ 30 ലക്ഷം രൂപ പെൺകുട്ടിയുടെ കുടുംബത്തിന് കുറ്റവാളി കൈമാറണമെന്നും ഉത്തരവിട്ടു. 2018 മേയിലാണ് തൊഴിലിടത്തെ ഉടമയുടെ മകളെ സ്വന്തം വീട്ടിലക്ക് വിളിച്ചുകൊണ്ടുപോയി കൊടുംക്രൂരകൃത്യം പ്രതി നടത്തിയത്. ആ സമയം ജോലി കഴിഞ്ഞു തിരിച്ചെത്തിയ മാതാവിന് കാര്യം മനസിലായെങ്കിലും ആരെയും വീടിനകത്തു കയറാൻ സമ്മതിച്ചിരുന്നില്ല.