ഉന്നാവ്: നീതി തേടി കുടുംബം തെരുവിൽ

Saturday 27 December 2025 1:04 AM IST

ന്യൂഡൽഹി: ഉന്നാവ് പീഡനക്കേസ് പ്രതിയായ ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സിംഗ് സെൻഗറിന്റെ ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്‌ത ഡൽഹി ഹൈക്കോടതി നടപടിക്കെതിരെ പ്രതിഷേധം ശക്തം. ഇന്നലെ ഡൽഹി ഹൈക്കോടതിക്ക് മുന്നിൽ കുടുംബവും വനിതാ ആക്‌ടിവിസ്റ്റുകളും അടക്കം പ്രതിഷേധിച്ചു. കുൽദീപിന് വധശിക്ഷ വിധിക്കണമെന്ന് അതിജീവിതയുടെ മാതാവ് പൊട്ടിക്കരഞ്ഞു കൊണ്ട് ആവശ്യപ്പെട്ടു. നീതി തേടി സുപ്രീംകോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. ഏതുനിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന ഭയത്തിലാണ് കുടുബം കഴിയുന്നത്. 2019 ജൂലായിൽ അതിജീവിത സഞ്ചരിച്ച കാറിൽ ട്രക്കിടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇപ്പോഴും തന്റെ ശരീരത്തിന്റെ പലഭാഗത്തും കമ്പിയിട്ടിരിക്കുകയാണെന്നും, അതുമായാണ് ജീവിക്കുന്നതെന്നും അതിജീവിത വിലപിച്ചു. ഇതിനിടെ, ഡൽഹി ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വനിതാ അഭിഭാഷകർ സുപ്രീംകോടതിയെ സമീപിച്ചു. സി.ബി.ഐയും സമീപിച്ചു. ശൈത്യകാല അവധിയിലായതിനാൽ അടിയന്തരസ്വഭാവത്തോടെ കേൾക്കുമോയെന്നതിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നിലപാട് നിർണായകമാകും. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെ ഡൽഹിയിലെ നിർഭയയുടെ അമ്മ ആശാ ദേവീയും രംഗത്തെത്തിയിരുന്നു. എന്തു സന്ദേശമാണിത് നൽകുന്നതെന്ന് ചോദിച്ചു. ഇരയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ കുൽദീപിന് 10 വർഷം കഠിനതടവ് വിധിച്ചിരുന്നു. ജാമ്യാപേക്ഷയിൽ ഡൽഹി തിസ് ഹസാരി കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. ഈകേസിലും കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ ജയിൽമോചിതനാകാൻ കഴിയുകയുള്ളു. 2017ൽ കുൽദീപ് സിംഗ് സെൻഗറും കൂട്ടാളികളും ചേർന്ന് 17കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കിയെന്നാണ് സി.ബി.ഐ കേസ്. മാനഭംഗത്തിനു ശേഷം പെൺകുട്ടിയെ 60,000 രൂപയ്‌ക്ക് വിറ്റെന്നും ആരോപണമുയർന്നു.