 കേന്ദ്രത്തോട് സുപ്രീംകോടതി എന്തുകൊണ്ട് എയർ പ്യൂരിഫയറിന് ജി.എസ്.ടി ഇളവ് നൽകാനാവില്ല

Saturday 27 December 2025 1:38 AM IST

ന്യൂഡൽഹി: വായു മലിനീകരണം അതിരൂക്ഷമായി തുടരുന്ന ഡൽഹിയിൽ എന്തുകൊണ്ട് എയർ പ്യൂരിഫയറിന് ജി.എസ്.ടി ഇളവു നൽകാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. എയ‌ർ പ്യൂരിഫയറിന്റെ 18 ശതമാനം ജി.എസ്.ടിയിൽ ഇളവു നൽകണമെന്ന് 24ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും വേഗതയിലുള്ള നടപടി പ്രായോഗികമല്ലെന്ന മട്ടിലാണ് കേന്ദ്രം ഇന്നലെ പ്രതികരിച്ചത്. ജി.എസ്.ടി കൗൺസിൽ ഓൺലൈനായി കൂടാൻ കഴിയില്ലെന്ന വാദമുന്നയിച്ചു. ഫിസിക്കലായി തന്നെ യോഗം ചേരണം. ജി.എസ്.ടി ഇളവിന് കോടതി ഉത്തരവിടുന്നത് കൂടുതൽ ബുദ്ധിമുട്ടുകൾ ക്ഷണിച്ചുവരുത്തും. ഇത്തരം ഇളവുകൾ തേടി കോടതിയിൽ കൂടുതൽ ഹർജികൾ എത്തിയേക്കും. കേന്ദ്രം വിഷയം പരിശോധിക്കുകയാണ്. ഇളവു അനുവദിക്കാമെന്നോ, ഇല്ലെന്നോ പറയുന്നില്ല. നിലപാട് അറിയിക്കാൻ കൂടുതൽ സമയം വേണമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കട്ടരാമൻ ആവശ്യപ്പെട്ടു. ഇതോടെ, സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തിന് 10 ദിവസം സമയം ജസ്റ്റിസുമാരായ വികാസ് മഹാജൻ, വിനോദ് കുമാ‌ർ എന്നിവരടങ്ങിയ ബെഞ്ച് അനുവദിച്ചു. 2026 ജനുവരി 9ന് വീണ്ടും പരിഗണിക്കും. എയ‌ർ പ്യൂരിഫയറിനെ മെഡിക്കൽ ഉപകരണമായി കണക്കാക്കണമെന്നും, അതിന്റെ ജി.എസ്.ടി നിരക്ക് 18ൽ നിന്ന് 5 ശതമാനമായി വെട്ടിക്കുറയ്‌ക്കണമെന്നുമുള്ള പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു ഡൽഹി ഹൈക്കോടതി.