ഇടുക്കിയിൽ 55കാരൻ വെട്ടേറ്റ് മരിച്ചു; കൊലപ്പെടുത്തിയത് സഹോദരന്റെ മക്കൾ
Saturday 27 December 2025 7:02 AM IST
നെടുങ്കണ്ടം: മദ്ധ്യവയസ്‌കനെ വീട്ടിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പൊന്നാംകാണിക്ക് സമീപം ഭോജൻപാറയിലാണ് സംഭവം. തമിഴ്‌നാട് കോമ്പൈ സ്വദേശിയും ഭോജൻപാറയിൽ താമസക്കാരനുമായ മുരുകേശൻ (55) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മുരുകേശൻ താമസിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
മുരുകേശന്റെ സഹോദരന്റെ മക്കളായ ഭുവനേശ്വർ, വിഘ്‌നേശ്വർ എന്നിവരാണ് കൊല നടത്തിയതെന്നാണ് സൂചന. മുരുകേശന്റെ വീടിന് സമീപമാണ് ഇവർ താമസിക്കുന്നത്. ഇരുകൂട്ടരും തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നു. ഇതിനെച്ചൊല്ലിയുള്ള പ്രശ്‌നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് വിവരം. കൊലപാതകത്തിന് ശേഷം സമീപത്തെ കൃഷിയിടത്തിലേക്ക് ഓടിപ്പോയ വിഘ്‌നേശ്വറിനും ഭുവനേശ്വറിനും വേണ്ടി പൊലീസ് തെരച്ചിൽ തുടരുകയാണ്.