സ്വർണം പോലൊരു മാമ്പഴം
ടോക്കിയോ : ഒരു മാമ്പഴത്തിന്റെ വില 19,000 രൂപ !. സംഭവം സത്യമാണ് ജപ്പാനിലെ ഒരു അപൂർവ്വ പ്രീമിയം മാമ്പഴ ഇനത്തിനാണ് ഞെട്ടിക്കുന്ന ഈ വില. ഹാകുഗിൻ നോ ടൈകോ എന്ന ബ്രാൻഡ് നാമത്തിൽ അറിയപ്പെടുന്ന ഈ മാമ്പഴത്തെ ഹിറോയുകി നകഗാവ എന്ന കർഷകൻ ഹൊക്കൈഡോ ദ്വീപിലെ ഒട്ടോഫുക്കിലുള്ള തന്റെ ഫാമിൽ വളർത്തിയെടുക്കുന്നതാണ്. ഒരു മാമ്പഴത്തിന് 230 ഡോളർ ( 18,910 ) വരെയാണ് ഈടാക്കുന്നത്. 2011 മുതലാണ് ഈ മാമ്പഴത്തിന്റെ കൃഷി ആരംഭിച്ചത്. ' മഞ്ഞിലെ സൂര്യൻ ' എന്നാണ് ഹാകുഗിൻ നോ ടൈകോയുടെ അർത്ഥം. ഗ്രീൻ ഹൗസിനുള്ളിലാണ് ഇവ വളർത്തിയെടുക്കുന്നത്. പുറത്ത് ശൈത്യ കാലാവസ്ഥയാണെങ്കിലും മിതമായ അന്തരീക്ഷത്തിൽ പ്രത്യേക രീതിയിലാണ് ഈ മാമ്പഴത്തിന്റെ കൃഷി രീതി. ശൈത്യകാലത്ത് -8 ഡിഗ്രി സെൽഷ്യസിലേക്ക് വരെ താപനില താഴുമ്പോൾ ഗ്രീൻ ഹൗസിനുള്ളിൽ 36 ഡിഗ്രി സെൽഷ്യസായിരിക്കും. ചൂടുകാലത്ത് നേർ വിപരീതമായിരിക്കും. ഇവയിൽ കീടനാശിനികൾ ഉപയോഗിക്കാറില്ല. ആഡംബര റെസ്റ്റോറന്റുകളും സെലിബ്രിറ്റി ഷെഫുകളും കേക്ക്, ഡെസേർട്ട് തുടങ്ങിയവയുടെ നിർമ്മാണത്തിന് ഇവ ഉപയോഗിക്കുന്നുണ്ട്.അതീവ രുചികരമായ ഈ മാമ്പഴത്തിന് സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും നേരിട്ടും വെബ്സൈറ്റിലൂടെയും ഏറെ ആവശ്യക്കാരാണ് എത്തുന്നത്.