നൈജീരിയയിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത് യു.എസ്

Saturday 27 December 2025 7:17 AM IST

വാഷിംഗ്ടൺ: നൈജീരിയയിൽ ഐസിസ് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി യു.എസ്. ക്രിസ്മസ് ദിനത്തിലാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആക്രമണത്തിന് ഉത്തരവിട്ടത്. വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ സൊകോട്ടോയിലെ രണ്ട് ഭീകര താവളങ്ങൾ ടോമഹോക്ക് ക്രൂസ് മിസൈലുകളാൽ തകർത്തു.

ഗിനി ഉൾക്കടലിൽ നിലയുറപ്പിച്ച യു.എസ് നേവി യുദ്ധക്കപ്പലിൽ നിന്നാണ് മിസൈലുകൾ വിക്ഷേപിച്ചത്. നൈജീരിയൻ പ്രസിഡന്റ് ബോല അഹ്‌മ്മദ് അബു ടിനുബുവിന്റെ അനുമതിയോടെയായിരുന്നു ദൗത്യം. നൈജീരിയൻ സൈന്യവും ദൗത്യത്തിന്റെ ഭാഗമായി.

നിരവധി ഭീകരർ കൊല്ലപ്പെട്ടെന്ന് യു.എസ് പറയുന്നു. സാധാരണക്കാർ സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. എന്നാൽ മേഖലയിലെ ചില വീടുകൾക്ക് നാശനഷ്ടമുണ്ടായി. നൈജീരിയയിൽ ക്രൈസ്‌തവരെ ഭീകരർ ക്രൂരമായി കൊല്ലുന്നതിന് മറുപടിയാണ് ആക്രമണമെന്ന് ട്രംപ് പ്രതികരിച്ചു.

നൈജീരിയയിൽ ക്രൈസ്‌തവർ വേട്ടയാടപ്പെടുകയാണെന്നും അവരെ രക്ഷിക്കാൻ സൈനിക നടപടിയുണ്ടാകുമെന്നും നവംബറിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതേ സമയം, രാജ്യത്ത് എല്ലാ വിഭാഗക്കാരും ആക്രമിക്കപ്പെടുന്നുണ്ടെന്നും ക്രിസ്ത്യൻ സമൂഹത്തിനെതിരെയുള്ള അതിക്രമങ്ങൾ തടയുന്നില്ലെന്ന ആരോപണം ശരിയല്ലെന്നും നൈജീരിയ പറയുന്നു.