ശീതക്കാറ്റ്; യുഎസിൽ ആയിരത്തിലേറെ വിമാനങ്ങൾ റദ്ദാക്കി, പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പ്രതിസന്ധിയിൽ
ന്യൂയോർക്ക്: അതിശക്തമായ ശീതക്കാറ്റിനെത്തുടർന്ന് യുഎസിൽ ആയിരത്തിലേറെ വിമാന സർവീസുകൾ ഇന്നലെ മാത്രം റദ്ദാക്കി. 4,000 സർവീസുകൾ വൈകുകയും ചെയ്‌തുവെന്നാണ് വിമാന ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ലൈറ്റ് അവേയറിൽ നിന്നുള്ള വിവരം. തിരക്കേറിയ അവധിക്കാലത്ത് സർവീസുകൾ റദ്ദാക്കിയതും വൈകിയതും യാത്രക്കാരെ വൻ പ്രതിസന്ധിയിലാക്കി.
ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളം, നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളം, ലാഗ്വാർഡിയ വിമാനത്താവളം എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളെയാണ് ശീതക്കാറ്റ് കാര്യമായി ബാധിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അമേരിക്കൻ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, ജെറ്റ്ബ്ലൂ എയർവേയ്‌സ് തുടങ്ങിയ വിമാനക്കമ്പനികൾ യാത്രാതടസം നേരിട്ട യാത്രക്കാർക്ക് ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയോടെ മഞ്ഞുവീഴ്ച ശക്തമാകുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരുന്നു. ചില പ്രദേശങ്ങളിൽ ഇന്ന് രാവിലെ വരെ റോഡുമാർഗം യാത്ര ചെയ്യുന്നതിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കടുത്ത ശീതക്കാറ്റ് മുന്നറിയിപ്പ് നിലനിൽക്കെ ആളുകൾ യാത്രകൾ മാറ്റിവയ്ക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.