ഇടിയപ്പം വിൽക്കണമെങ്കിൽ ഇനിമുതൽ ലൈസൻസ് നിർബന്ധം:കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ
ചെന്നൈ: ഇടിയപ്പം വിൽക്കാൻ ലൈസൻസ് നിർബന്ധമാക്കി തമിഴ്‌നാട്. ഗുണനിലവാരമില്ലാത്ത ഇടിയപ്പം കഴിച്ച് നിരവധിപേർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് ഇരുചക്രവാഹനങ്ങളിൽ ഇടിയപ്പം വിൽക്കുന്നതിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കാൻ തീരുമാനിച്ചത്. നിയമം കർശനമായി നടപ്പാക്കാനാണ് തമിഴ്നാട് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ തീരുമാനം. പൊതുജനങ്ങളിൽ നിന്ന് നിരന്തരം പരാതികൾ ലഭിച്ചിരുന്നുവെന്നും അധികൃതർ വ്യക്തമാക്കുന്നു. ഓൺലൈൻവഴി സൗജന്യമായായിരിക്കും ലൈസൻസ് ലഭിക്കുക.
ഇടിയപ്പം ഉണ്ടാക്കുമ്പോഴും സൂക്ഷിക്കുമ്പോഴും വിൽക്കുമ്പോഴും ശുചിത്വം കർശനമായി പാലിക്കുന്നതിനൊപ്പം അംഗീകൃത വസ്തുക്കൾ ഉപയോഗിച്ചുമാത്രമേ നിർമ്മാണം നടത്താവൂ എന്നും നിർദ്ദേശമുണ്ട്. ലഭിക്കുന്ന ലൈസൻസിന് ഒരുവർഷം മാത്രമായിരിക്കും സാധുത.ആവശ്യമെങ്കിൽ പിന്നീട് പുതുക്കണം. ഇടയ്ക്കിടെ ലൈസൻസ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിലെ ജനപ്രിയ പ്രഭാത ഭക്ഷണമാണ് ഇടിയപ്പം. ഇരുചക്രവാഹനങ്ങളിൽ നിരവധിപേരാണ് നിരത്തുകളിലും മറ്റും ഇത് വിൽക്കുന്നത്. എന്നാൽ ഇതിൽ പലതിനും നിലവാരമില്ലെന്നും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം ഉണ്ടാക്കുന്നതെന്നും പരാതികൾ ലഭിച്ചിരുന്നു.പകർച്ചപ്പനി, എളുപ്പത്തിൽ പകരുന്ന അണുബാധകൾ തുടങ്ങിയ ബാധിച്ചവർ ഇടിയപ്പം ഉണ്ടാക്കുന്നതും വിൽക്കുന്നതും വ്യാപകമാണെന്ന് പലരും തെളിവുകൾ സഹിതം പരാതി നൽകിയിരുന്നു.
രോഗലക്ഷണങ്ങളുള്ളവർ ഭക്ഷണം വിൽക്കുന്നത് ആരോഗ്യപരമായ അപകടങ്ങൾക്ക് ഇടയാക്കുമെന്നും അതിനാൽ ഇത്തരക്കാർ ഇടിയപ്പം ഉണ്ടാക്കുന്നതോ വിൽക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. നിയമം കർശനമായി നടപ്പാക്കുന്നതോടെ പാെതുജനാരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.