കബനിയുടെ കനകഭൂമി
വയനാടിന്റെ വനഗ്രാമവും നെല്ലറയുമാണ് ചേകാടി. നാലുപാടും ഘോരവനം. ഒരു വശത്ത് കബനിയുടെ ഒഴുക്ക്. കഥകൾ ഓർത്തും പറഞ്ഞും അതങ്ങനെ കിഴക്കോട്ട് ഒഴുകുകയാണ്. മാനന്തവാടി പുഴയും പനമരം പുഴയും കൂടൽക്കടവിനു സമീപം ഒന്നായി ചേർന്ന് കബനിയായി മാറുന്നു. ഇവിടെ നിന്ന് അധികം ദൂരമില്ല, അത് കർണാടകത്തിലേക്ക് ഒഴുകിത്തുടങ്ങുവാൻ.
ബാവലി എത്തുമ്പോൾ കബനി കർണാടകയോടു ചേരും. ബൈരക്കുപ്പ വരെ അതിരുണ്ട്. കർണാടകയിലെ 'തിരുമകുടൽ നർസിപൂർ" എന്ന ഇടത്തുവച്ച് കബനി കാവേരിയുമായി ചേരുന്നു. പിന്നെ അത് തമിഴ്നാട്ടിലൂടെ ബംഗാൾ ഉൾക്കടലിലേക്ക്. അതിനിടെ കബനിയും പിന്നീട് കാവേരിയും ചേർന്ന് ജലസേചനവും വൈദ്യുതി ഉത്പാദനവുമൊക്കെ നിർവഹിക്കുന്നുണ്ട്. 240 കിലോമീറ്റർ ദൂരത്തിനിടയിലാണ് ഈ പുണ്യപ്രവൃത്തികൾ!
കബനിയില്ലെങ്കിൽ വയനാടില്ല, ചേകാടി വനഗ്രാമവും! ഡിസംബറിന്റെ മരംകോച്ചുന്ന തണുപ്പ് ചേകാടിയെ പുതച്ചു നില്ക്കുന്നു. താപനില പത്ത് ഡിഗ്രി സെൽഷ്യസിലും താഴെ. ഏതാണ്ട് തൊട്ടടുത്ത ഊട്ടിയുടെ അവസ്ഥ തന്നെ. കൊച്ചു വെളുപ്പാൻകാലത്ത് കബനിയിലെ ജലനിരപ്പിൽ നിന്ന് ഉയരുന്നത് ഒരുതരം നീരാവിയാണ്. നേരം വെളുത്തു തുടങ്ങുന്നതേയുളളൂ. കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങൾ കൂട്ടംകൂട്ടമായി ചേകാടിയുടെ ഹൃദയ ഭൂമിയിൽ നിന്ന് മെല്ലെ കാട്ടിലേക്ക് ഉൾവലിയുകയാണ്. കുറേയെണ്ണം കബനി നീന്തിക്കടന്ന് കർണാടക വനത്തിേലേക്ക്. എന്തൊരു മനോഹരമായ കാഴ്ച!
ഏറുമാടത്തിൽ ഇരുന്ന് ഇതെല്ലാം നന്നായി കാണാം. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും കുറെയെണ്ണത്തിനെ പാടത്തു നിന്ന് അകറ്റും. എങ്കിലും ഇത് തങ്ങൾക്ക് അവകാശപ്പെട്ടത് എന്ന മട്ടിൽ ആനകളും കാട്ടുപോത്തുകളും കരടിയും മാനുകളും പന്നികളുമെല്ലാം പാടത്ത് വിഹരിക്കും. നേരം പുലർന്നാൽ, ആളനക്കത്തോടെ വന്യമൃഗങ്ങൾ ചേകാടിയുടെ ഹൃദയത്തിൽ നിന്ന് തത്കാലത്തേക്ക് പിന്മാറുകയായി. ഇങ്ങനെയൊരു കാഴ്ച കേരളത്തിൽ ചേകാടി എന്ന വനഗ്രാമത്തിൽ മാത്രമെ കാണൂ.
വിളവെടുപ്പു കാലത്ത് മൂന്നു മാസത്തോളം ഇവിടത്തെ കർഷകർക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. ഏറുമാടത്തിലും വയലിലെ ഷെഡുകളിലുമായിരിക്കും കർഷകരിൽ ഭൂരിഭാഗവും. നാലുഭാഗവും വനപ്രദേശമായതിനാൽ കാട്ടാനശല്യം അതിരൂക്ഷമായ പ്രദേശമാണ് ഇവിടം. കാടുകൾ കടന്ന് എത്തുന്നത് ഒരു കാർഷിക സംസ്കാര ഭൂമികയിലേക്കാണ്. ഇപ്പോൾ ഇവിടെ കാറ്റിനു പോലും സുഗന്ധമാണ്. ഗന്ധകശാലയുടെയും ജീരകശാലയുടെയും മത്തുപിടിപ്പിക്കുന്ന ഗന്ധം. ഭൗമസൂചിക പട്ടികയിൽ ഇടം പിടിച്ച നെല്ലിനമാണ് ഗന്ധകശാല. ഘോരവനത്തിന്റെ വിടവിലൂടെ തഴുകിയെത്തുന്ന കുളിർകാറ്റിനു പോലുമുണ്ട്, ഔഷധഗുണം.
ഇളവെയിൽ മെല്ലെ ഘോരവനങ്ങളെ കീറിമുറിച്ച് ചേകാടിയെ തഴുകുമ്പോഴാണ് വനഗ്രാമത്തിന്റെ സൗന്ദര്യം എന്തെന്ന് മനസിലാക്കാൻ കഴിയുക. ഒരു പ്രദേശം മുഴുവൻ കണ്ണെത്താദൂരം സ്വർണത്തിന്റെ നിറം. ചേകാടിയിൽ ഇപ്പോൾ വിളവെടുപ്പു കാലമാണ്. കൊയ്ത്തുത്സവമായി. കബനി തഴുകിയുണ്ടായ ചേകാടിയുടെ കറുത്ത മണ്ണിൽ നിറഞ്ഞുവിളയുന്നത് സുഗന്ധ നെല്ലിനങ്ങളായ ഗന്ധകശാലയും ജീരകശാലയും ഒക്കെയാണ്. ചപ്പും ചാണകവും അടങ്ങിയ ജൈവവളങ്ങളാൽ തീർത്തത്. രാസവളം ഒട്ടുമേയില്ല.
ചേകാടിയിൽ കാറ്റിന് ഇത്രയും സുഗന്ധം കൈവരാൻ കാരണം തന്നെ ഈ ജൈവ വളപ്രയോഗമാണ്. ഒരു പ്രദേശത്തെ ജനതയുടെ കൂട്ടായ്മ. അവരുടെ വിയർപ്പിന്റെ ഗന്ധം കൂടിയാണിത്. ചേകാടിയിൽ നഷ്ടത്തിന്റെ പേരു പറഞ്ഞ് ആരും കൃഷി ഉപേക്ഷിക്കുന്നില്ല. എണ്ണയിട്ട യന്ത്രം പോലെ എല്ലാം കാലത്തിനനുസരിച്ച് ഇവിടെ നടന്നിരിക്കും. അതാണ് പ്രകൃതിയുടെ നിയമം. താളം തെറ്റുന്ന പ്രകൃതി ഇവരെയും ഇടയ്ക്ക് ചതിക്കാറുണ്ടെങ്കിലും ലാഭമോ നഷ്ടമോ നോക്കാതെ ചേകാടി പിന്നെയും വിത്തിറക്കും.
വയലിന്റെ
ഗന്ധങ്ങൾ
വയനാട്ടിൽ ഗന്ധകശാലയും ജീരകശാലയും വൻതോതിൽ കൃഷി ചെയ്യുന്ന ഏക പ്രദേശം ചേകാടിയാണ്. ഞാറ് നടുമ്പോൾപ്പോലും ഗന്ധകശാലയുടെ ഗന്ധം ചേകാടിയുടെ കാറ്റിൽ പരക്കും. ഗന്ധകശാലയുടെ അരിയും ചോറും പായസവുമെല്ലാം ഇവരുടെ മാത്രം അഹങ്കാരമാണ്! നെൽക്കൃഷി അന്യം നിൽക്കാതെ കാത്തുസൂക്ഷിക്കുന്നത് ഒരുപക്ഷേ കേരളത്തിൽ ചേകാടിയിൽ മാത്രമായിരിക്കും. മണ്ണിന്റെ മനസറിഞ്ഞ് കൃഷിയിറക്കുന്നവർ. അവർ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നു.
മൂന്നു നൂറ്റാണ്ടിനു മുമ്പേ കർണാടകത്തിൽ നിന്ന് വനത്തിലൂടെ കബനി കടന്നെത്തിയ ചെട്ടിമാരാണ് ചേകാടിയെ കാർഷിക സംസ്കൃതിയുടെ വിളഭൂമിയാക്കിത്തീർത്തത്. ചേകാടി സമ്പന്നമാണ്. ഒത്തൊരുമയോടെ ചേർന്നുനിന്നാണ് കാലങ്ങളായി ഇവർ ഇവിടെ ഒരു നല്ല കാർഷിക സംസ്കാരം രചിക്കുന്നത്. എൺപത് ശതമാനവും ആദിവാസികൾ. നൂറോളം വരുന്ന ആദിവാസി കുടുംബങ്ങളും നൂറ്റമ്പതോളം വരുന്ന മറ്റുള്ളവരും ചേർന്നാണ് ചേകാടിയെ വയനാടിന്റെ ഹൃദയഭൂമികയാക്കി മാറ്റുന്നത്. ഇവർ തന്നെയാണ് ഇവിടെ ഉടമകളും തൊഴിലാളികളും.
ചേകാടിക്ക് നാല് സംസ്കാരങ്ങൾ- ഗോത്രസംസ്ക്കാരം, വനസംസ്ക്കാരം, പുഴസംസ്ക്കാരം, വയൽസംസ്ക്കാരം! ഈ സംസ്ക്കാരം അമ്പതു വർഷം മുമ്പുവരെ എവിടെച്ചെന്നാലും കാണാമായിരുന്നു. ഇന്ന് ഗോത്ര സംസ്ക്കാരം അന്യം നിന്നു. വനസംസ്കാരത്തിനും കോട്ടം തട്ടാൻ തുടങ്ങി. വയൽ സംസ്കാരം ഇല്ലാതായിക്കൊണ്ടിരിക്കുന്നു.പക്ഷെ, ചേകാടിയിൽ വന്നാൽ ഇന്നും ഇതു നാലും കാണാം. ഇവ നാലും ഉൾക്കൊള്ളുന്ന സംസ്ക്കാരം ചേകാടിയിലെ 'നവ" എന്ന പാക്കേജിലൂടെ അജയൻ എന്ന ജൈവ കർഷകൻ നൽകുന്നു.
പഴമയിലെ പുതുമയാണ് അജയൻ ലക്ഷ്യമിടുന്നത്. സുരക്ഷിത പച്ചക്കറികൾ വനഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലെ തീൻ മേശകളിലേക്ക് എത്തിക്കുക. ടൂറിസം നല്ലതാണ്. പക്ഷെ, ഇന്നു നൽകുന്ന ടൂറിസം വയനാടിന് ഗുണം ചെയ്യുന്നതല്ല. വലിയ കെട്ടിടങ്ങൾ, എ.സി റൂമുകൾ, സ്വിമ്മിംഗ് പൂളുകൾ എന്നിവയൊക്കെയാണ് ടൂറിസമായി മാറുന്നത്. ഇത് വയനാടിന്റെ ടൂറിസവുമായി പൊരുത്തപ്പെടുന്നതല്ല.
അതിരുകളില്ല;
വേലികളും!
ഗോത്രസംസ്കാരം എന്നത് എല്ലാവരും ചേർന്നുളള സംഗമ ഭൂമിയാണ്. ആദ്യകാലം കുടിയേറിയ നായന്മാരും മുസ്ളിങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടും. ഒപ്പന അടക്കം ഈ സങ്കല്പത്തിലേക്ക് കൊണ്ടുവരാവുന്നതാണ്. ചേകാടിയിൽ വയലുകൾക്ക് അതിരുകളില്ല, കമ്പി വേലികളില്ല. മനസിലുള്ള വരമ്പുകളാണ് അതിരുകൾ. മതിൽക്കെട്ടുകളില്ലാത്ത കേരളത്തിലെ ഏക ഗ്രാമം എന്നും ചേകാടിയെ വിശേഷിപ്പിക്കാം. കരഭൂമിക്കു പോലും ഇവിടെ മതിൽക്കെട്ടുകളില്ല.
അടിയ, പണിയ, കാട്ടുനായ്ക്കർ, ഊരാളി, എടനാടൻ ചെട്ടിമാർ, കുണ്ടുവടിയർ എന്നിവരാണ് ചേകാടിയിലെ ഗോത്രങ്ങൾ. മൂന്ന് ബ്രാഹ്മണ കുടുംബങ്ങൾ ഇവിടെയുണ്ടായിരുന്നു. അവർ സ്ഥലംവിട്ടു പോയതിനു ശേഷമുള്ളത് പണ്ടേ കുടിയേറിയ ഒരു നായർ കുടുംബം മാത്രം. ഒരുകാലത്ത് ഏര് പൂട്ടുന്ന കന്നുകാലികളെക്കൊണ്ട് നിറഞ്ഞതായിരുന്നു ചേകാടിയിലെ പാടങ്ങൾ. കൃഷി നഷ്ടത്തിലേക്ക് പോകുന്നുവെന്ന് തോന്നിയപ്പോൾ ഉഴവുമാടുകളെ ഉപേക്ഷിച്ചു. ട്രാക്ടറും ട്രില്ലറുകളും ചേകാടിയിലുമെത്തി.
നാട്ടിപ്പണിക്കും യന്ത്രങ്ങളായി. യന്ത്രവത്കൃത പാത ചേകാടിക്കാർക്കും സ്വീകരിക്കേണ്ടി വന്നു. തൊഴിലാളികളെ കിട്ടാൻ ബുദ്ധുമുട്ട് ഉള്ളതുകൊണ്ട് ഞാറ് പാകുന്നതുപോലും ഒരുമിച്ചാണ്. കൂട്ടുകൃഷിയുടെ താളത്തിൽ എല്ലാം ഒത്തൊരുമയോടെ നടക്കും- കൊയ്ത്തുപോലും! ഇറ മുട്ടുന്ന പുൽവീടുകളായിരുന്നു ഒരുകാലത്ത് ചേകാടിയുടെ സൗന്ദര്യം. ചാണകം മെഴുകിയ നിലം കാണാൻ തന്നെ പ്രത്യേക ശേല്. ഇന്ന് അത് ഏതാണ്ട് ഇല്ലാതായി. ആദിവാസികൾക്ക് സർക്കാർ നിർമ്മിച്ചു നൽകിയ ഭവനങ്ങളുണ്ട്.
മൂന്ന് പുൽവീടുകൾ മാത്രമാണ് ഇപ്പോൾ ചേകാടിയിലുളളത്. അടിയ വിഭാഗക്കാരുടെ ഒരു വീടും, രണ്ട് എടനാടൻ ചെട്ടിമാരുടെ വീടും. സപ്ളൈകോയ്ക്കാണ് ഇപ്പോൾ കർഷകർ നെല്ല് നൽകുന്നത്. വെളിയനും തൊണ്ടിയും ഗന്ധകശാലയും ജീരകശാലയും ഒക്കെയായിരുന്നു ആദ്യകാലത്തെ കൃഷി. ഒരു കിലോ ഗന്ധകശാല നെല്ല് 120 രൂപയ്ക്കും മറ്റ് നെല്ലിനങ്ങൾ കിലോയ്ക്ക് 30 രൂപയ്ക്കുമാണ് കൊടുക്കുന്നത്. പച്ചരി സംസ്കാരമായിരുന്നു ഇവിടെ. വിവാഹ ആവശ്യങ്ങൾക്കും മരണാനന്തര ചടങ്ങളുകളുടെ ആവശ്യങ്ങൾക്കുമെല്ലാം ഗന്ധകശാലയാണ് ഉപയോഗിക്കുന്നത്. സുൽത്താൻ ബത്തേരിയിൽ നിന്ന് പുൽപ്പളളി വഴിയും, മാനന്തവാടിയിൽ നിന്നും ചേകാടിക്ക് ബസുണ്ട്. വൈക്കോൽ റോളുകളായും കറ്റകളായും കയറ്റി പോകുന്നു. നല്ല മാർക്കറ്റ്. ചേകാടിയിൽ ഇപ്പോൾ കൈക്കൊയ്ത്തുണ്ട്. അടുത്ത വർഷത്തോടെ അത് നിലയ്ക്കും. നടീലും കൊയ്ത്തുമെല്ലാം യന്ത്രങ്ങൾ തന്നെ.
സ്കൂൾ ഉണ്ട്,
പി.ഒ ഇല്ല
പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ ചേകാടിയിൽ 1924-ൽ സ്ഥാപിതമായ ഒരു എൽ.പി സ്കൂൾ ഇന്നും പ്രവർത്തിക്കുന്നു. ബാസൽ മിഷണറിമാരാണ് സ്കൂൾ സ്ഥാപിച്ചത്. മച്ചിമൂല ദാസൻ ചെട്ടി ഇത് ഏറ്റെടുത്തു. പിന്നീട് അത് സർക്കാർ സ്കൂളായി. ഇതിനു പുറമെ ഒരു അങ്കണവാടിയും ഒരു പ്രാഥമികാരോഗ്യ കേന്ദ്രവും. പുൽപ്പള്ളി പഞ്ചായത്തിലെ ആദ്യത്തെ ഇലക്ഷൻ ബൂത്ത് ഈ വനഗ്രാമത്തിലായിരുന്നു. യു.പി മുതൽ പഠനം തുടരാൻ 13 കിലോമീറ്ററോളം താണ്ടി പുൽപ്പള്ളിയിൽ എത്തേണ്ട അവസ്ഥയാണ്.
പോസ്റ്റ് ഓഫീസ് ഇല്ല. ചേകാടിക്കു ചുറ്റും ഫെൻസിംഗ് ഉണ്ടെങ്കിലും വന്യമൃഗങ്ങൾ ഇവിടേക്ക് പുഴ കടന്നെത്തും. ഏതാനും മാസം മുമ്പാണ് ഒരു കുട്ടിയാന ഇവിടേക്കെത്തി ചേകാടി എൽ.പി സ്കൂളിൽ കയറി കുട്ടികളോട് കുറുമ്പുകാട്ടി നിന്നത്. ഇതിനെ പിടികൂടി കർണാടകയിലെ ആന ക്യാമ്പിൽ പരിപാലിക്കാൻ ശ്രമിച്ചെങ്കിലും കുറച്ച് നാൾ കഴിഞ്ഞപ്പോൾ അത് ചെരിഞ്ഞു. ഭക്ഷ്യക്ഷാമം ഉണ്ടായപ്പോൾ സർക്കാരിന്റെ ലെവി സംവിധാനത്തിലുള്ള ഒരു ഡിപ്പോ പ്രവർത്തിച്ചിരുന്നു. ഉപയോഗം കഴിഞ്ഞ് നിശ്ചിത അളവ് ധാന്യം സർക്കാരിനു കൊടുക്കണമെന്ന് നിയമമുണ്ടായിരുന്നു.
നക്സൽ
ഓർമ്മ
സമ്പന്നമായിരുന്ന കാലത്ത് ചേകാടിയിലെ ചില ജന്മിമാർ ആദിവാസികളെ പലവിധത്തിലും ചൂഷണം ചെയ്യുമായിരുന്നു. നക്സലൈറ്റ് നേതാവ് എ. വർഗീസിന്റെ നേതൃത്വത്തിലുള്ള മുപ്പതോളം വരുന്ന തോക്കുധാരികളായ സംഘം 1968 നവംബർ 23-ന് പുൽപ്പളളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിനു ശേഷം വനത്തിലൂടെ ചേകാടിയിലെത്തിയാണ് ജന്മിമാരെ കൊള്ളയടിച്ചത്. സ്വർണവും പണവും പത്തായപ്പുരകളിൽ കരുതിവച്ചിരുന്ന ധാന്യങ്ങളും അവർ കൊള്ളയടിച്ചെന്നും, ഇത് ആദിവാസികൾക്ക് വിതരണം ചെയ്തെന്നും നക്ലലൈറ്റ് നേതാവ് കെ. അജിത തന്റെ 'ഓർമ്മക്കുറിപ്പുകൾ" എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.
കാലങ്ങളോളം നെല്ല് സൂക്ഷിക്കാൻ കഴിയുന്ന പത്തായപ്പുരകൾ ഏതാണ്ട് എല്ലാ വീടുകളിലുമുണ്ട്. ചേകാടിയിലെ ജന്മിമാരായ തിമ്മപ്പൻ ചെട്ടിയുടെയും ദാസപ്പൻ ചെട്ടിയുടെയും വീടുകളിൽ കയറിച്ചെന്നാണ് നക്സലൈറ്റുകൾ കൊള്ളയടിച്ചത്. ഒരു വീട്ടിൽ നിന്ന് നാടൻ തോക്കും ഇവർ അന്ന് പിടിച്ചെടുത്തു.
ഇപ്പോൾ ചേകാടി മാറിയിരിക്കുന്നു. പണ്ട് ഇവിടേക്ക് വാഹന സൗകര്യം ഉണ്ടായിരുന്നില്ല. ബാവലി വഴി എത്തുന്ന വാഹനങ്ങൾ പുഴയ്ക്ക് അക്കരെ നിർത്തണം. ചങ്ങാടമാണ് ചേകാടിയിലെത്താനുളള ഏക മാർഗം. ഇന്ന് പാലം വന്നു. കർണാടകയിൽ നിന്ന് വളരെ എളുപ്പം ചേകാടി വഴി പുൽപ്പള്ളിയിലെത്താം. പാക്കം വഴി നാല് കിലോ മീറ്ററോളം വനപാതയിലൂടെ സഞ്ചരിച്ചാൽ ചേകാടിയിയായി. കാടു താണ്ടി പുൽപ്പള്ളി വഴിയും വരാം.
സഞ്ചാരികൾക്കായി ധാരാളം റിസോർട്ടുകൾ ചേകാടിയിലുണ്ട്. പുല്ലുമേഞ്ഞ വീടുകൾ, ഗോത്ര സങ്കേതങ്ങൾ, കബനിയുടെ തീരങ്ങൾ, ഇക്കോ ഷോപ്പുകൾ, കൃഷിയിടങ്ങൾ എന്നിവയും സന്ദർശിക്കാം. ചേകാടിയിലെ ഗ്രാമീണരുടെ കൂട്ടായ്മയായ 'നവ" സഹായത്തിനുണ്ട്. സുകുവേട്ടന്റെ ചായക്കടയും അജയന്റെ കാപ്പിക്കടയും ചേകാടിയുടെ അഹങ്കാരമാണ്.