അൾത്താരയിലെ വെള്ള തുണിയിൽ തെളിഞ്ഞത് ദൈവരൂപം, പ്രാർത്ഥനയ്ക്കിടെ 'അത്ഭുതപ്പെട്ട്' വിശ്വാസികൾ
ലാസ് വെഗാസ്: തിരുനാൾ കുർബാനയ്ക്കിടെ അൾത്താരയ്ക്ക് സമീപമുള്ള വെള്ള തുണിയിൽ അത്ഭുതം നടന്നതായി വിശ്വാസികൾ. ഡിസംബർ 12ന് നെവാഡയിലെ ലാസ് വെഗാസിലുള്ള സെന്റ് തോമസ് മോർ പള്ളിയിലാണ് സംഭവം. പള്ളി വികാരി പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് വിശ്വാസികൾ അൾത്താരയ്ക്കടുത്ത് അസാധാരണമായ കാഴ്ച കണ്ടത്. മാതാവിന്റെ രൂപം വച്ചിരുന്ന പീഠത്തിന് മുകളിൽ പുതച്ചിരുന്ന തുണിയിലെ ചുളിവുകളിലാണ് ഒരു മുഖത്തിന്റെ ആകൃതി പ്രത്യക്ഷപ്പെട്ടത്.
ഏകദേശം 800ഓളം വിശ്വാസികൾ അപ്പോൾ പള്ളിയിലുണ്ടായിരുന്നു. ആരും തൊടാതെ തുണിയിൽ അത്തരമൊരു രൂപം വന്നത് സ്വർഗത്തിൽ നിന്നുള്ള അടയാളമാണെന്നാണ് വിശ്വാസികൾ പറയുന്നത്. 'ഞാൻ വീണ്ടും സൂക്ഷിച്ചു നോക്കി, അത് മാതാവിന്റെ മുഖം തന്നെയായിരുന്നു. ഞാൻ എപ്പോഴും നിങ്ങളുടെ കൂടെയുണ്ട് എന്ന സന്ദേശമാകാം മാതാവ് അതിലൂടെ നൽകാൻ ശ്രമിച്ചത്'- പള്ളിവികാരി പറഞ്ഞു.
ചടങ്ങിൽ പങ്കെടുത്ത വിശ്വാസികളിലൊരാളാണ് ചിത്രം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ചിത്രങ്ങൾ വൈറലായതോടെ ഇത് 'പാരെഡോളിയ' (Pareidolia) എന്ന പ്രതിഭാസമാണെന്നാണ് ചിലർ വാദിക്കുന്നത്. ക്രമരഹിതമായ രൂപങ്ങളിൽ പരിചിതമായ മുഖങ്ങളോ ആകൃതിയോ കാണാനുള്ള മനുഷ്യന്റെ മാനസിക ത്വരയുടെ ഭാഗമാണിതെന്ന് പറയപ്പെടുന്നു.
എന്നാൽ 1531ൽ മെക്സിക്കോയിൽ ജുവാൻ ഡീഗോ എന്നയാളുടെ മുന്നിൽ മാതാവ് പ്രത്യക്ഷപ്പെട്ടതും അദ്ദേഹത്തിന്റെ വസ്ത്രത്തിൽ മാതാവിന്റെ ചിത്രം തെളിഞ്ഞതുമായി ബന്ധപ്പെട്ട ചരിത്രത്തോട് ചേർത്താണ് വിശ്വാസികൾ ഈ സംഭവത്തെ കാണുന്നത്. നേരത്തെ മെക്സിക്കോയിലെ തന്നെ മറ്റൊരു പള്ളിയിൽ മാതാവിന്റെ വിഗ്രഹത്തിൽ നിന്നും ഒലിവ് ഓയിൽ കണ്ണീരായി ഒഴുകിയ സംഭവവും വലിയ ചർച്ചയായിരുന്നു.