ഒന്നിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ ഭർത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് യുവതി
കാൺപൂർ: ഭർത്താവിനെ കോടാലികൊണ്ട് തലയിൽ വെട്ടി കൊലപ്പെടുത്തി യുവതി. ഉത്തർപ്രദേശിലെ കാൺപൂരിലെ തിക്രയിലാണ് സംഭവം നടന്നത്. ടെെൽസ് പണി ചെയ്യുന്ന 45കാരനായ പപ്പുവാണ് മരിച്ചത്. പപ്പുവും ഭാര്യയായ വീരാംഗനയും രാത്രി ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും കോടാലി ഉപയോഗിച്ച് ഭാര്യ പപ്പുവിന്റെ തലയിൽ വെട്ടുകയും ചെയ്തു. പത്തിലേറെ തവണ വെട്ടിയെന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ പപ്പുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭർത്താവ് മരിച്ചെന്ന് മനസിലായതോടെ നാലുവയസുള്ള മകനുമായി യുവതി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഏകദേശം രണ്ടുമണിക്കൂറോളം നീണ്ട വാക്കുതർക്കത്തിനൊടുവിലാണ് വീരാംഗന ഭർത്താവിനെ ആക്രമിച്ചത്.
2019ലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ഇരുവരും തമ്മിൽ വഴക്കും പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്ന് പപ്പുവിന്റെ അമ്മ ബിതോള ദേവി പറയുന്നു. കോടാലി മാത്രമല്ല അരകല്ലുകൊണ്ടും പപ്പുവിനെ ഭാര്യ ആക്രമിച്ചെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. യുവതിക്കായി തെരച്ചിൽ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.