കടലിലെ സജീവ അഗ്നിപർവതത്തിന് ചുറ്റും സ്രാവുകൾ; വിചിത്ര സ്വഭാവം കണ്ട് അമ്പരന്ന് ശാസ്ത്രജ്ഞർ

Saturday 27 December 2025 4:35 PM IST

കടലിലെ ഏറ്റവും വലിയ സജീവമായ അഗ്നിപർവതമാണ് കവാച്ചിയിൽ ഉള്ളത്. 2015ൽ ഈ അഗ്നിപർവതത്തിലെ പര്യവേക്ഷണത്തിന്റെ ഭാഗമായി അവിടെ ക്യാമറകൾ സ്ഥാപിച്ചിരുന്നു. അന്ന് ലഭിച്ച ഇതിലെ ദൃശ്യങ്ങൾക്ക് ഇന്നും ഉത്തരം കണ്ടെത്താൻ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. കനത്ത ചൂടും അമ്ലതയും സ്ഫോടനങ്ങളും നിറഞ്ഞ ഈ സ്ഥലത്ത് ജീവികൾക്ക് അതിജീവിക്കാൻ കഴിയില്ലെന്നാണ് ആദ്യം ശാസ്ത്രം ലോകം കരുതിയിരുന്നത്. എന്നാൽ ചില മത്സ്യങ്ങൾ ഇവിടെ എത്തുന്നതിന്റെ ദൃശ്യങ്ങളാണ് ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചത്. അഗ്നിപർവതത്തിന്റെ ഗർത്തത്തിനുള്ളിലാണ് ഇവർ സ്രാവ് അടക്കമുള്ള മത്സ്യങ്ങളെ കണ്ടെത്തിയത്.

കവാച്ചി അഗ്നിപർവതം

തെക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ സോളമൻ ദ്വിപുകൾക്ക് സമീപമാണ് ഈ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്. ഭൂമിയിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നാണ് ഇത്. ലാവയും ചാരവും അമ്ലത നിറഞ്ഞ ജലവും തുടർച്ചയായി പുറന്തള്ളുന്നതിനാൽ സമുദ്രജീവികൾക്ക് ഇവിടെ അതിജീവിക്കാൻ കഴിയില്ലെന്നാണ് ശാസ്ത്രലോകം കരുതിയിരുന്നത്.

അഗ്നിപർവത സ്ഫോടനങ്ങൾക്ക് ഒരു ഇടവേളയുണ്ടായപ്പോൾ ശാസ്ത്രജ്ഞർ ഇവിടെ പര്യവേക്ഷണം നടത്തി. ക്യാമറകൾ ആഴക്കടലിലെ അഗ്നിപർവതത്തിന് ഉള്ളിലേക്ക് ഇറക്കി പരിശോധന നടത്തി. ഇതിന്റെ ഫലം ഗവേഷകരെ ഞെട്ടിക്കുന്നതായിരുന്നു. ഹാമർഹെഡ് സ്രാവ്, സിൽക്കി സ്രാവുകൾ, തിരണ്ടി തുടങ്ങിയ മത്സ്യങ്ങൾ ഈ അഗ്നിപർവതത്തിന്റെ ഗർത്തങ്ങളിലൂടെ സഞ്ചരിക്കുന്നതാണ് കണ്ടത്. ഈ ജീവികളൊന്നും അസ്വസ്ഥതയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നില്ലെന്ന് വിദഗ്ധർ പറയുന്നു.

സ്‌ഫോടന സമയങ്ങളിൽ അതിതീവ്രമായ ചൂടുള്ളതും അമ്ലത നിറഞ്ഞതുമായ ജലവും വാതകങ്ങളും പാറക്കഷണങ്ങളും നിറയുന്ന അഗ്നിപർവതത്തിൽ സൂക്ഷ്മാണുകൾക്ക് മാത്രമേ അതിജീവിക്കാൻ കഴിയൂ എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ വലിയ ജീവികൾക്കും അവിടെ അതിജീവിക്കാൻ കഴിയുമെന്ന് വിദഗ്ധർ കണ്ടെത്തി. എന്നാൽ അഗ്നിപർവതം പൊട്ടുന്നതിന് മുൻപ് ഈ സ്രാവുകൾക്ക് സൂചന ലഭിക്കുമോ?, അതോ അവ ചത്തുപോകുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

വിളിപേര് 'ഷാർക്കാനോ'

സ്രാവുകൾ അഗ്നിപർവതത്തിൽ ഉള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇതിനെ എല്ലാവരും 'ഷാർക്കാനോ' എന്ന് വിളിക്കാൻ തുടങ്ങി. ഈ പര്യവേഷണത്തിന് ഏഴ് വർഷങ്ങൾക്ക് ശേഷം കവാച്ചി വീണ്ടും പൊട്ടിത്തെറിക്കുന്നത് നാസ ഉപഗ്രഹങ്ങൾ പകർത്തിയിരുന്നു. അഗ്നിപർവതത്തിന് ചുറ്റും ലാവ, ചാരം, സൾഫർ, അമ്ലത നിറഞ്ഞ ജലം എന്നിവ ഉള്ളതും ചിത്രത്തിൽ വ്യക്തമാണ്. 2007ലും 2014ലും സമാനമായ സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ട്. അതിനുള്ളിൽ കാണപ്പെട്ട സ്രാവുകൾ ഈ സ്‌ഫോടനത്തെ അതിജീവിച്ചോയെന്ന് വ്യക്തമല്ല. കവാച്ചിയുടെ സ്‌ഫോടനം കാരണം തുടർ ഗവേഷണങ്ങൾക്ക് മനുഷ്യരെക്കാലും റോബോട്ടിക് ഉപകരണങ്ങളെയാണ് ഉപയോഗിച്ചത്.

സ്രാവുകൾ എങ്ങനെ അതിജീവിക്കുന്നു?

ഇവിടത്തെ ജലത്തിന് ഉയർന്ന താപനിലയും കുറഞ്ഞ പിഎച്ച് മൂല്യവുമാണെന്ന് പഠനം നടത്തിയ ശാസ്ത്രജ്ഞൻ ഫിലിപ്സ് പറയുന്നു. എന്നിട്ടും പുകപടലങ്ങൾക്കിടയിലൂടെ സ്രാവുകൾ എങ്ങനെയാണ് സഞ്ചരിച്ചതെന്നും എങ്ങനെ അവ അത് അതിജീവിച്ചെന്നും വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി പൊരുത്തപ്പെടുന്ന ഏതെങ്കിലും പ്രത്യേകത അവയ്ക്കുണ്ടെയെന്ന് കണ്ടെത്താൻ തങ്ങളുടെ സംഘത്തിന് കഴിഞ്ഞില്ലെന്നും ഫിലിപ്സ് വ്യക്തമാക്കുന്നു.

ആഗോളതലത്തിൽ ഉയരുന്ന സമുദ്രതാപനില ഉൾപ്പടെയുള്ള കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ സമുദ്രജീവികളെ എങ്ങനെ മാറ്റുന്നുവെന്ന് മനസിലാക്കാൻ ഈ സ്രാവുകളിൽ പഠനം നടത്തിയാൽ മതിയെന്ന് ചില ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. കവാച്ചിയുടെ ചൂടുള്ളതും അമ്ലത നിറഞ്ഞ ജലവുമായി പൊരുത്തപ്പെടാൻ സ്രാവുകളുടെ ശരീരത്തിൽ എന്തെങ്കിലും പുതിയ സംവിധാനം ഉണ്ടാകുമെന്നും ചില ഗവേഷകർ അഭിപ്രായപ്പെടുന്നു. അഗ്നിപർവതത്തിന് ചുറ്റും നിന്ന് കാലക്രമേണ അവയുമായി ശരീരം പെരുത്തപ്പെട്ടതാകാമെന്നും അഭിപ്രായമുണ്ട്. എന്നിരുന്നാലും ശാസ്ത്രീയമായി ഇതുവരെ കൃത്യമായ നിഗമനങ്ങളിൽ എത്താൻ ഗവേഷകർക്ക് കഴിഞ്ഞിട്ടില്ല.