യു.ജി.സി.ക്കു പകരം 'വികസിത് ഭാരത് ശിക്ഷ അധിഷ്ഠാൻ' ഉന്നത വിദ്യാഭ്യാസത്തിന് ഉയരം കൂടുമ്പോൾ...

Sunday 28 December 2025 2:43 AM IST

ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ച, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിഭാവനം ചെയ്യുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട 'വികസിത് ഭാരത് ശിക്ഷ അധിഷ്ഠാൻ ബിൽ- 2025" വിശദമായ ചർച്ചയ്ക്ക് വിഷയമാകേണ്ട ഒന്നാണ്. ഒമ്പത് അദ്ധ്യായങ്ങളിലായി,​ 55 സെക്ഷനുകളിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം,​ ഗുണനിലവാരം ഉയർത്തൽ, അക്രഡിറ്റേഷൻ തുടങ്ങിയ കാര്യങ്ങളിൽ പരിഷ്കാരം നിർദ്ദേശിക്കുന്ന ബിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരു വഴിത്തിരിവാണ്. 1956-ൽ തുടങ്ങിയ യു.ജി.സി. 1993- ൽ തുടങ്ങിയ എൻ.സി.റ്റി.ഇ,​ 1987-ൽ ആരംഭിച്ച എ.ഐ.സി.റ്റി.ഇ എന്നീ സമിതികൾ നിറുത്തലാക്കി,​ പകരം 'വികസിത് ഭാരത് ശിക്ഷ അധിഷ്ഠാൻ" എന്ന ഒറ്റസ്ഥാപനം വിഭാവനം ചെയ്യുന്നതാണ് പുതിയ ബിൽ.

മേൽ സൂചിപ്പിച്ച മൂന്ന് സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ നിർവഹിച്ചിരുന്ന കടകമളെ മൂന്നായി തിരിച്ച് ഈ ധർമ്മങ്ങൾ കൂടുതൽ മികവോടെ നിർവഹിക്കുന്നതിന് വികസിത് ഭാരത് ശിക്ഷ വിനിയാമൻ പരിഷത്,​ വികസിത് ഭാരത് ശിക്ഷാ ഗുണവത പരിഷത്,​ വികസിത് ഭാരത് ശിക്ഷാ മാനക് പരിഷത്ത് എന്നിങ്ങനെ മൂന്ന് സ്ഥാപനങ്ങൾ ബില്ലിന്റെ മൂന്ന് അദ്ധ്യായങ്ങളിലായി സൂചിപ്പിക്കുന്നു. യു.ജി.സി ഉൾപ്പെടെ നിലവിലുള്ള മൂന്ന് റഗുലേറ്ററി സ്ഥാപനങ്ങൾക്കു കീഴിൽ ഇന്ത്യയിലുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിയന്ത്രണം (റഗുലേഷൻ) കൂടുതൽ കാര്യക്ഷമമായി ചെയ്യുന്നതിനാണ് വികസിത് ഭാരത് ശിക്ഷ റഗുലേറ്ററി കൗൺസിൽ.

'മിനിമം ഗവൺമെന്റ്, മാക്സിമം ഗവേണൻസ്" എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ യൂണിവേഴ്സിറ്റികൾ, എൻജിനിയറിംഗ് കോളേജുകൾ, കേന്ദ്ര സർവകലാശാലകൾ, ഐ.ഐ.ടി, ഐ.ഐ.എം, സംസ്ഥാന സർവകലാശാലകൾ ബിരുദം ഓഫർ ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെയെല്ലാം നിയന്ത്റണം ബില്ലിന്റെ സെക്ഷൻ 10-ൽ പറയുന്ന വികസിത് ഭാരത് വിദ്യാഭ്യാസ റെഗുലേറ്ററി കൗൺസിലിന് ആയിരിക്കും. മെഡിക്കൽ, നഴ്സിംഗ്, ആയുർവേദം, നിയമ വിദ്യാഭ്യാസം, വെറ്ററിനറി തുടങ്ങിയ സ്ഥാപനങ്ങൾ ഈ ബില്ലിനു പുറത്താണ്.

ഗുണമേന്മ,​

നിലവാരം

ബില്ലിന്റെ സെക്ഷൻ 13-ലാണ് വികസിത് ഭാരത് ശിക്ഷ അക്രഡിറ്റേഷൻ കൗൺസിലിന്റെ കാര്യം പറയുന്നത്. യു.ജി.സി. എ.ഐ.സി.റ്റി.ഇ,​ എൻ.സി.റ്റി.ഇ എന്നിവയുടെ നിയന്ത്രണത്തിലുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അക്രഡിറ്റേഷൻ മാനദണ്ഡം നിശ്ചയിക്കൽ, ഉറപ്പാക്കൽ ഇതൊക്കെ ഈ സ്ഥാപനമാണ് നടത്തേണ്ടത്. നാക്,​ എൻ.ബി.എ തുടങ്ങിയ സ്ഥാപനങ്ങൾ ചെയ്തിരുന്ന ധർമ്മങ്ങൾ ഇനിമുതൽ വികസിത് ഭാരത് ശിക്ഷ അക്രഡിറ്റേഷൻ കൗൺസിലാണ് നിർവഹിക്കുക. ഈ സ്ഥാപനം ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം, ഗുണമേന്മ എന്നിവ ഉറപ്പുവരുത്തുന്നതിന് കൂടുതൽ പ്രായോഗികവും കാര്യക്ഷമവും ആയിരിക്കും. 2020- ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ച് ഉന്നത വിദ്യാഭ്യാസത്തിന്റെ മുഖച്ഛായ മാറ്റുന്നതാവും ഈ സ്ഥാപനം.

മൂന്നാമതായി,​ അ‍ഞ്ചാം അദ്ധ്യായത്തിന്റെ വകുപ്പ് 15- ൽ പറയുന്ന വികസിത് ഭാരത് വിദ്യാഭ്യാസ സ്റ്റാൻഡേർഡ് കൗൺസിൽ ആണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക നിലവാരം, അവ ഓഫർ ചെയ്യുന്ന ഡിഗ്രി പ്രോഗ്രാമുകളുടെ നിലവാരം, പാഠ്യക്രമം,​ പഠനഫലങ്ങൾ തുടങ്ങിയവയ്ക്ക് മേൽനോട്ടംവഹിക്കുക. മേൽ സൂചിപ്പിച്ച മൂന്ന് കൗൺസിലുകളും ബില്ലിന്റെ അദ്ധ്യായം രണ്ട്,​ വകുപ്പ് അഞ്ചിൽ വിഭാവനം ചെയ്യുന്ന വികസിത് ഭാരത് ശിക്ഷ അധിഷ്ഠാനു കീഴിലാണ് പ്രവർത്തിക്കുക.

ഭരണസമിതി,​

ധനകാര്യം

വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാന്റെ ഭരണം നിർവഹിക്കുന്നത് ചെയർമാൻ, മെമ്പർ സെക്രട്ടറി ഉൾപ്പെടെയുള്ള 12 അംഗ ഭരണസമിതിയാണ്. ഇതിൽ രണ്ടുപേർ സംസ്ഥാന തലത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളായിരിക്കും. നിലവിലെ മൂന്ന് സ്ഥാപനങ്ങൾക്കുമായി അനുവദിക്കപ്പെട്ടിരുന്ന ആകെ തുകയേക്കാൾ കുറയാത്ത ഫണ്ട് ആയിരിക്കും ശിക്ഷാ അധിഷ്ഠാന് ലഭിക്കുക. അതാകട്ടെ,​ സി.എ.ജിയുടെ ഓ‌ഡിറ്റിംഗിന് വിധേയമായിരിക്കും. ശിക്ഷാ അധിഷ്ഠാനു കീഴിലുള്ള മൂന്ന് സ്ഥാപനങ്ങളിലും അദ്ധ്യക്ഷൻ, മെമ്പർ സെക്രട്ടറി എന്നിവർ ഉൾപ്പെടെ ഓരോ കൗൺസിലിലും 14 അംഗ ഭരണസമിതി വീതം മൊത്തം 42 പേരുണ്ടാകും. ഇതിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളെ ഊഴം അനുസരിച്ച് നിയമിക്കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്.

വികസിത് ഭാരത് അധിഷ്ഠാനിലും,​ ഇതിനു കീഴിലുള്ള മൂന്ന് കൗൺസിലുകളിലും ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ നിയമനം കേന്ദ്ര സർക്കാരിന്റെ ശുപാർശ പ്രകാരം രാഷ്ട്രപതിയാണ് നടത്തുക. മൂന്നു വർഷത്തേക്കാണ് നിയമനമെങ്കിലും,​ അഞ്ചുവർഷം വരെ നീട്ടി നൽകാവുന്നതാണ്. ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയോ ക്രമക്കേടോ കണ്ടെത്തിയാൽ നടപടിക്രമം പാലിച്ച് പുറത്താക്കുന്നതിൽ കേന്ദ്രസർക്കാരിന് വ്യക്തമായ അധികാരം ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. കൂടാതെ,​ശിക്ഷാ അധിഷ്ഠാനെയും,​ മറ്റു മൂന്ന് കൗൺസിലുകളെയും അസാധുവാക്കുന്നതിനുള്ള അധികാരം വകുപ്പ്- 47 അനുസരിച്ച് കേന്ദ്ര സർക്കാരിനുണ്ട്.

അതായത്,​ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം ഉറപ്പുവരുത്തൽ,​ ഇന്ത്യൻ ഉന്നത വിദ്യാഭ്യാസത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്തൽ,​ സർവകലാശാലകളുടെ നിയമലംഘനം, അഴിമതി, പക്ഷപാതം, വ്യാജ യൂണിവേഴ്സിറ്റികളെ ചെറുക്കൽ എന്നിവയിലെല്ലാം ഈ ബിൽ കേന്ദ്ര സർക്കാരിന് വ്യക്തവും വിപുലമായ അധികാരം നൽകുന്നു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കു മേൽ കുറ്റത്തിന്റെ സ്വഭാവവും തലവും അനുസരിച്ച് 10 ലക്ഷം മുതൽ രണ്ടുകോടി വരെ പിഴചുമത്താവുന്നതാണ്. ശിക്ഷിക്കുന്നതിന് നിയമപരമായ വ്യവസ്ഥിതി സംവിധാനം കൂടാതെ,​ അതിനെതിരെ കേന്ദ്ര സർക്കാരിൽ അപ്പീൽ പോകാവുന്നതുമാണ്.

പുതിയതല്ല,​

തുടർച്ച

ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ പറയുന്ന പ്രകാരം 1956-ൽ യു.ജി.സി രൂപീകരിച്ച അതേ ഭരണഘടനാ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഉന്നത വിദ്യാഭ്യാസ അധിഷ്ഠാനും സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. യു.ജി.സി സ്ഥാപിച്ചിട്ട് 70 വർഷം കഴിഞ്ഞു. ഇന്ന് രാജ്യത്ത് ആയിരത്തിലധികം സർവകലാശാലകളുണ്ട്. അതിൽത്തന്നെ സംസ്ഥാന സർവകലാശാലകൾ, കേന്ദ്ര സർവകലാശാലകൾ, ഐ.ഐ.ടി, ഐ.ഐ.എം, സ്വകാര്യ സർവകലാശാലകൾ, വിദേശ സർവകലാശാലകൾ, ഡീംഡ് യൂണിവേഴ്സിറ്റികൾ,​ വിദ്യാഭ്യാസ വകുപ്പിനു പുറത്തുള്ള ഉന്നത വിദ്യാഭ്യാസ സ്ഥപനങ്ങൾ, അറുപതിനായിരത്തിലധികം കേളേജുകൾ തുടങ്ങിയവയുണ്ട്!

ഒന്നാം യു. പി.എ സർക്കാരിന്റെ കാലത്ത് പ്രൊഫ. യശ്പാൽ കമ്മറ്റി,​ വിവിധങ്ങളും പരസ്പര വിരുദ്ധമായി പ്രവർത്തിക്കുന്നവയുമായ യു.ജി.സി,​ എ.ഐ.സി.റ്റി.ഇ തുടങ്ങിയവയെ ഏകോപിച്ച് ഉന്നത വിദ്യാഭ്യാസ കമ്മിഷന് ശുപാർശ ചെയ്തിരുന്നു. 2025-ലെ ഈ ബില്ലിൽ പറയുന്ന വ്യവസ്ഥകൾ ആശയപരമായി യശ്പാൽ കമ്മറ്റിയുമായി (2009)​ യോജിപ്പിക്കുന്നുണ്ട്. 2020-ൽ തുടങ്ങിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും തുടർച്ചയാണ് ഈ ബിൽ.

ബില്ലിൽ വിഭാവനം ചെയ്യുന്ന നാല് സ്ഥാപനങ്ങളും കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണെങ്കിലും, സർവകലാശാലകളുടെയും സംസ്ഥാനങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്താൻ പ്രത്യേകം വ്യവസ്ഥ ചെയ്യുന്നുണ്ട്. മാത്രമല്ല,​ അക്രഡിറ്റേഷൻ കൗൺസിലിന്റെ യോഗത്തിൽ വിദഗ്ദ്ധരായ വ്യക്തികളെ പങ്കെടുപ്പിച്ച് അഭിപ്രായം പരിഗണിക്കുന്നതിന് അവസരം നൽകുന്നു. അത്തരം വ്യക്തികൾ കമ്മിഷന്റെയോ കൗൺസിലിന്റെയോ അംഗങ്ങളാകണമെന്ന് നിർബന്ധമില്ല. ഇത്തരം വിപുലമായ വ്യവസ്ഥകൾ നല്കുന്നതുകൊണ്ട് യുക്തമായ നയതീരുമാനമെടുക്കുന്നതിന് കമ്മിഷന് വിദഗ്ദ്ധാഭിപ്രായം ലഭിക്കുന്നു.

(സാമ്പത്തികശാസ്ത്ര വിഭാഗം പ്രൊഫസറും,​ 'കുസാറ്റ്" സിൻഡിക്കേറ്റിലെ യു.ജി.സി പ്രതിനിധിയുമാണ്‌ ലേഖകൻ)​