ഏകീകൃത എ.ടി.എസ് നല്ല തീരുമാനം
രാജ്യത്തിന്റെ ഭീകരവിരുദ്ധ ചട്ടക്കൂട് ശക്തമാക്കാൻ നിർണായക ചുവടുവയ്‌പ്പ് നടത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഏകീകൃത എ.ടി.എസ് സംവിധാനം നടപ്പാക്കാനുള്ള തീരുമാനം അതിന്റെ ഭാഗമാണ്. ഡൽഹിയിൽ സംഘടിപ്പിച്ച ഭീകരവിരുദ്ധ കോൺഫറൻസ് ഉദ്ഘാടനം ചെയ്യവെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഭീകരതയുമായി ബന്ധപ്പെട്ട ഭീഷണികളെ കൃത്യമായി വിലയിരുത്താനും, രഹസ്യാന്വേഷണ വിവരങ്ങൾ പരസ്‌പരം ഫലപ്രദമായി പങ്കിടാനും, വിവിധ ഏജൻസികൾക്ക് ഓപ്പറേഷനുകൾ ഏകോപിപ്പിച്ച് നടപ്പാക്കാനും സാധിക്കുമെന്നതാണ് ഇതിന്റെ പ്രയോജനങ്ങൾ. രാജ്യത്തെ പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ട് ഭീകരർ തയ്യാറാക്കിയ വൻസ്‌ഫോടനപദ്ധതി ഇക്കഴിഞ്ഞ നവംബറിൽ തകർക്കാൻ സാധിച്ചിരുന്നു. ജമ്മു കാശ്‌മീരിൽ നിന്നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തുടങ്ങിയ അന്വേഷണം ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ പൊലീസ്, എ.ടി.എസ്, വിവിധ ഏജൻസികൾ എന്നിവയുടെ ഒറ്റക്കെട്ടായുള്ള പ്രവർത്തനത്തിലൂടെ മുന്നോട്ടുപോയി. ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 3000 കിലോയിൽപ്പരം സ്‌ഫോടകവസ്‌തുക്കൾ പിടിച്ചെടുത്തു. വൈറ്റ് കോളർ ഭീകരശൃംഖലയെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്‌തു. പിടിക്കപ്പെടുമെന്നായപ്പോഴാണ് സംഘത്തിലെ ഡോ. ഉമർ നബി നവംബർ 10ന് ചെങ്കോട്ടയ്‌ക്കു സമീപം പൊട്ടിച്ചിതറി ചാവേറായത്. ഭീകരൻ അടക്കം 15 പേർ കൊല്ലപ്പെട്ടു. 20ലേറെ പേർക്ക് പരിക്കേറ്റു. വിദേശരാജ്യങ്ങളിൽ അടക്കം നടന്നുവെന്ന് കരുതുന്ന ആസൂത്രണത്തിൽ ഉൾപ്പെടെ എൻ.ഐ.എ അന്വേഷണം പുരോഗമിക്കുകയാണ്.പ്രധാനമായും സംശയിക്കുന്നത് പാകിസ്ഥാന്റെ പങ്ക് തന്നെ.
സംസ്ഥാനങ്ങളിലെ എ.ടി.എസുകളും രാജ്യത്തെ മറ്റു സുരക്ഷാ ഏജൻസികളും തമ്മിലുള്ള ഏകോപനവും,ഇന്റലിജൻസ് വിവരങ്ങൾ കൈമാറലുമടക്കം കാര്യക്ഷമതയോടെ ഉറപ്പാക്കിയതായിരുന്നു ഭീകരശൃംഖലയെ പൂട്ടാനും അതുവഴി വൻദുരന്തം ഒഴിവാക്കാനും അന്ന് സാധിച്ചത്. അതെസമയം തന്നെ ചെങ്കോട്ട പോലെ ഡൽഹിയിലെ ഒരു സുപ്രധാന മേഖലയിൽ ഒരു ഭീകരൻ മണിക്കൂറുകളോളം കാറിൽ കാത്തിരുന്നതും ആസൂത്രിതമായ സ്ഫോടനം നടത്തിയതും ആശങ്ക സൃഷ്ടിക്കുന്നതായിരുന്നു.ഇതുകൂടി കണക്കിലെടുത്താവണം രാജ്യത്തെ ഭീകരപ്രവർത്തനങ്ങൾ നേരിടാനും, അവ മുൻകൂട്ടി കണ്ട് തടയാനും സംസ്ഥാനങ്ങളിലെ ഭീകരവിരുദ്ധ സ്‌ക്വാഡുകളെ (എ.ടി.എസ്) കോർത്തിണക്കി പൊതു എ.ടി.എസ് ഘടന നടപ്പാക്കുന്നത് പ്രയോജനപ്പെടുമെന്ന നിഗമനത്തിൽ കേന്ദ്രസർക്കാർ എത്തിച്ചേർന്നത്. പൊതു ചട്ടക്കൂട് വികസിപ്പിക്കാൻ ദേശീയ അന്വേഷണ ഏജൻസിയെ (എൻ.ഐ.എ) നിയോഗിച്ചിട്ടുമുണ്ട് .
ഏകീകൃത എ.ടി.എസ് സംവിധാനം സംബന്ധിച്ച രൂപരേഖ സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾക്ക് എൻ.ഐ.എ ഇതിനോടകം കൈമാറിയിട്ടുണ്ട്. സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ ഡി.ജി.പിമാർക്ക് നിർദ്ദേശവും നൽകി. വൈറ്റ് കോളർ ഭീകരശൃംഖലയെ തകർത്തതിനും, ഡൽഹി സ്‌ഫോടനക്കേസിലെ കാര്യക്ഷമമായ അന്വേഷണത്തിനും സംസ്ഥാനങ്ങളിലെ എ.ടി.എസ് അടക്കം പൊലീസ് സംവിധാനങ്ങളെയും ഏജൻസികളെയും കേന്ദ്ര ആഭ്യന്തരമന്ത്രി കഴിഞ്ഞദിവസത്തെ ചടങ്ങിൽ അഭിനന്ദിച്ചിരുന്നു . ദേശീയ ഇൻലിജൻസ് പ്ലാറ്റ്ഫോമുകളായ നാഷണൽ ഇന്റഗ്രേറ്റഡ് ഡേറ്രബേസ് ഓൺ അറസ്റ്റഡ് നാർകോ ഒഫൻഡേഴ്സ് (നിദാൻ), നാഷണൽ ഇന്റലിജൻസ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) എന്നിവയെ സംസ്ഥാനങ്ങളിലെ എ.ടി.എസ് യൂണിറ്റുകൾ പ്രയോജനപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. സംഘടിത കുറ്റകൃത്യങ്ങളും ഭീകരതയും തമ്മിൽ ബന്ധമുണ്ട്. ഇതിനെ നേരിടാൻ ഓർഗനൈസ്ഡ് ക്രൈം നെറ്റ്‌വർക്ക് ഡേറ്റബേസ്, പുതുക്കിയ എൻ.ഐ.എ ക്രൈം മാന്വൽ എന്നിവയും തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ.
ലോക ശാക്തിക ചേരിയിൽ നിർണായക സ്ഥാനമാണ് ഇപ്പോൾ ഇന്ത്യയ്ക്കുള്ളത്. സ്വാഭാവികമായും ഇന്ത്യയെ ദുർബ്ബലപ്പെടുത്താനും പ്രതിച്ഛായ തകർക്കാനും പലകോണുകളിൽ നിന്നും ശ്രമങ്ങൾ ഉണ്ടാകാം.ഇതൊക്കെ മുൻകൂട്ടിക്കാണാനും ഭീകരാക്രമണ ഭീഷണികളെ ഫലപ്രദമായിത്തന്നെ തകർക്കാനും ഏകീകൃക എ.ടി.എസ്.സംവിധാനത്തിനു കഴിയുമെന്ന് പ്രത്യാശിക്കാം.