മലയോരമേഖലയിൽ നിന്ന് രാഷ്ട്രീയത്തിൽ; എസ്.എഫ്.ഐയിലൂടെ പ്രവേശം

Saturday 27 December 2025 10:11 PM IST

കാസർകോട് :സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗവും സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറിയുമാണ്‌ കാസർകോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 54 കാരനായ സാബു അബ്രഹാം.എളേരി സ്വദേശിയായ ഇദ്ദേഹം എസ്.എഫ്.ഐയിലൂടെയാണ് സംഘടനാരംഗത്ത് പ്രവർത്തനം തുടങ്ങിയത്. എളേരിത്തട്ട്‌ കോളേജ്‌ യൂണിയൻ ജനറൽ സെക്രട്ടറിയായും തുടർച്ചയായി മൂന്നുവട്ടം സർവകലാശാല യൂണിയൻ ക‍ൗൺസിലറായും കാലിക്കറ്റ്‌ സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

എളേരിത്തട്ട്‌ കോളേജിൽ വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയ എതിരാളികൾ അക്രമിച്ച്‌ കലുങ്കിൽ തള്ളിയിരുന്നു. നിരവധി തവണ പൊലീസ്‌ മർദ്ദനത്തിനും ഇരയായിരുന്നു. കൂത്തുപറമ്പ് വെടിവയ്‌പ്പിനെതിരായ പ്രതിഷേധത്തിന്‌ നേതൃത്വം നൽകിയതിന്‌ 22 ദിവസം ദിവസം ജയിൽവാസം അനുഭവിച്ചു.

എസ്‌.എഫ്‌.ഐ ജില്ലാ പ്രസിഡന്റ്,​ സെക്രട്ടറി,​ ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ്‌, സെക്രട്ടറി, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്‌, സെക്രട്ടറി, സി.പി.എം ബളാൽ ലോക്കൽ സെക്രട്ടറി, എളേരി ഏരിയ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.എളേരി ഡിവിഷനിൽനിന്ന്‌ നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

വെസ്‌റ്റ്‌ എളേരി സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റായി പ്രവർത്തിച്ചുവരുന്നു.

കേരള ബാങ്ക്‌ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. മലയോര ഹൈവെ ആക്ഷൻ കമ്മിറ്റി കൺവീനറുമായിരുന്നു.ഷീജയാണ് ഭാര്യ. മക്കൾ: ആസാദ്‌ സാബു, അഥീന സാബു.