വേനലെത്തും മുമ്പേ വാടിത്തളർന്ന് വാഴക്കൃഷി

Sunday 28 December 2025 12:48 AM IST

കിളിമാനൂർ: മണ്ണിന് വളക്കൂറും കർഷകന്റെ കഠിനാദ്ധ്വാനവും ഉണ്ടായിട്ടും വാഴക്കൃഷിക്ക് കഷ്ടകാലം തന്നെ. വേനൽ ആരംഭിക്കുന്നതിന് മുമ്പുതന്നെ ആയിരക്കണക്കിന് വാഴകളാണ് ഒടിഞ്ഞുവീണത്. ലക്ഷക്കണക്കിന് രൂപ ലോണെടുത്തും, പുരയിടം പാട്ടത്തിനെടുത്തുമാണ് കർഷകർ കൃഷി ആരംഭിച്ചത്.

മികച്ച വരുമാനവും നാടൻ വാഴക്കുലകൾക്കുള്ള ജനപ്രീതിയും കണക്കിലെടുത്താണ് യുവാക്കൾ ഉൾപ്പെടെയുള്ളവർ ഈ രംഗത്തിറങ്ങിയത്. ഇപ്പോൾ കുലച്ച വാഴകൾ ഉൾപ്പെടെ ഒടിഞ്ഞുവീഴാനും, കരിഞ്ഞുണങ്ങാനും തുടങ്ങി. കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാത്തതാണ് പ്രധാനപ്രശ്നം. അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ വാഴക്കൃഷിയിലും വാഴക്കുലകളിലും സ്വയംപര്യാപ്തത കൈവരിക്കാനുള്ള കൃഷി നമുക്കുണ്ടെങ്കിലും ഇത്തരത്തിലുള്ള പ്രതിസന്ധികൾ കർഷകനെ ദുരിതത്തിലാക്കുന്നു.

 ജൂൺ - സെപ്തംബർ മാസം വരെയാണ് പ്രധാനമായും വാഴക്കൃഷി ചെയ്യുന്നത്.

 മികച്ച വളപ്രയോഗവും കള നിയന്ത്രണവും ഉണ്ടെങ്കിൽ 12 മാസം കൊണ്ട് വിളവ് (കപ്പവാഴ 18 മാസം )

പ്രധാനമായും കൃഷി ചെയ്യുന്നത്

* നേന്ത്രവാഴ

* കഥളി വാഴ

* റോബസ്റ്റ

* പാളയം തോടൻ

* ഞാലിപ്പൂവൻ

 പ്രതിസന്ധികൾ

** കീടരോഗ ശല്യം

* വന്യമൃഗ ശല്യം

* കാലവർഷത്തിലെ കാറ്റ്

 വാഴയ്ക്കുണ്ടാകുന്ന രോഗങ്ങൾ:

* ഇലപ്പുള്ളി രോഗം

* ശൽക്ക കീടങ്ങളുടെ ആക്രമണം

* കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം ഇവയുടെ കുറവ്.

* പൂങ്കുല പേൻ

* ഇലതീനി പുഴുക്കൾ