'കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്'; പിണറായി വിജയനെതിരെ ഡികെ ശിവകുമാർ

Saturday 27 December 2025 10:50 PM IST

ബംഗളൂരു: കർണാടകയിലെ കുടിയൊഴിപ്പിക്കൽ നടപടിക്കെതിരെ വിമർശനം ഉന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് ഡികെ ശിവകുമാർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ബംഗളൂരു യെലഹങ്കയിൽ മുസ്ലിം ഭൂരിപക്ഷ മേഖലയിൽ മുന്നൂറോളം വീടുകൾ തകർത്തത്. പിന്നാലെ 3000ത്തോളം പേർ തെരുവിലായി. യു.പിയിലുൾപ്പെടെ ബി.ജെ.പിയുടെ ബുൾഡോസർ രാജിനെ വിമർശിക്കുന്ന കോൺഗ്രസ്, യെലഹങ്കയിൽ ബുൾഡോസർ രംഗത്തിറക്കിയതിന്റെ പേരിൽ രൂക്ഷമായ വിമർശനമാണ് നേരിടുന്നത്.

കർണാടകയുടെ തലസ്ഥാന നഗരിയിൽ മുസ്ലിം ജനത വർഷങ്ങളായി താമസിച്ചുവരുന്ന ഫക്കീർ കോളനിയും വസീം ലേഔട്ടും ബുൾഡോസർ വെച്ചു തകർത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുമുളവാക്കുന്നതാണെന്നാണ് പിണറായി വിജയൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടത്. കൊടുംതണുപ്പിൽ ഒരു ജനതയാകെ തെരുവിലിറക്കപ്പെട്ട് പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണെന്നും പിണറായി കുറിച്ചു.

എന്നാൽ പിണറായി വിജയന്റേത് രാഷ്ട്രീയ പ്രേരിതമായ പ്രസ്താവനയാണെന്നും കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ അദ്ദേഹം ഇടപെടേണ്ടതില്ലെന്നും ഡികെ. ശിവകുമാർ പറഞ്ഞു. ബംഗളൂരുവിലെ വസ്തുതകൾ മനസിലാക്കാതെയാണ് മുതിർന്ന നേതാവായ പിണറായി വിജയൻ പ്രതികരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഖരമാലിന്യങ്ങൾ നിക്ഷേപിക്കേണ്ട അപകടകരമായ ഒരു ക്വാറിയിലാണ് നിയമവിരുദ്ധമായി താമസിച്ചിരുന്നതെന്നും ഈ സ്ഥലം സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ശിവകുമാർ വിശദീകരിച്ചു.

അതേസമയം, സംഭവത്തിൽ കോൺഗ്രസ് നേതൃത്വം ഇടപെട്ടിട്ടുണ്ട്. കർണാടക സർക്കാരിൽ നിന്ന് എഐസിസി വിശദീകരണം തേടി. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ. ശിവകുമാറിൽ നിന്ന് വിശദീകരണം തേടിയത്. കൈയേറ്റ സ്ഥലമാണ് ഒഴിപ്പിച്ചതെന്നും നടപടികൾ പാലിച്ചാണ് ഇത് നടത്തിയതെന്നുമാണ് ശിവകുമാറിന്റെ വിശദീകരണം. അതിനിടെ വിവാദം ശക്തമായതോടെ കുടിയൊഴിപ്പിച്ചവർക്ക് വീടുകൾ നിർമ്മിച്ച് നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചു. 200 ഫ്ളാറ്റുകളടങ്ങിയ സമുച്ചയം നിർമ്മിച്ച് നൽകാനാണ് ആലോചന.