മൂന്നാംനമ്പർ,മണിതൂക്കി മേഖലകളിൽ കാട്ടുപന്നിശല്യം രൂക്ഷം

Sunday 28 December 2025 2:38 AM IST

വിതുര; വിതുര പഞ്ചായത്തിലെ തേവിയോട്, മണിതൂക്കി വാർഡുകളുടെ പരിധിയിൽപ്പെടുന്ന മൂന്നാംനമ്പർ, മണിതൂക്കി മേഖലയിൽ കാട്ടുപന്നികൾ താണ്ഡവമാടുന്നതായി പരാതി. പകലും, രാത്രിയിലും കാട്ടുപന്നികൾ നാട്ടിലിറങ്ങി ഭീതിയും നാശവും വിതക്കുന്ന സ്ഥിതിയാണ് നിലവിൽ. രാത്രിയിൽ പുറത്തിറങ്ങി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയും സംജാതമായി. കാട്ടുപന്നികൾ മേഖലയിലെ കൃഷികൾ മുഴുവൻ ഇതിനകം നശിപ്പിച്ചുകഴിഞ്ഞു. വനമേഖലയായതിനാൽ കാട്ടിനുള്ളിൽ നിന്നും വളരെ പെട്ടെന്ന് കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്ന സ്ഥിതിയാണ്. ഉപജീവനത്തിനായി വനവിഭവങ്ങൾ ശേഖരിക്കുവാൻ കാട്ടിൽ കയറാൻ കഴിയാത്ത സ്ഥിതിയാണെന്ന് ആദിവാസികൾ പറയുന്നു. പന്നിക്ക് പുറമേ കാട്ടാനയും, കാട്ടുപോത്തും മേഖലയിലിറങ്ങി ഭീതിയും, നാശവും വിതയ്ക്കുന്നുണ്ട്. കൃഷികൾ വ്യാപകമായി നശിപ്പിച്ചതുമൂലം കർഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ട്.

കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു

പുലർച്ചെ മൂന്നാംനമ്പർ മേഖലയിൽ ടാപ്പിംഗിന് പുറപ്പെട്ട ടാപ്പിംഗ് തൊഴിലാളിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. കളിയിക്കൽ സ്വദേശി പരമേശ്വരൻനായർക്കാണ് (63) പരിക്കേറ്റത്. കാട്ടുപന്നിക്കൂട്ടം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപും സമാനമായ സംഭവമുണ്ടായിട്ടുണ്ട്. നിലവിൽ ബോണക്കാട് വിതുര റോഡിലും രാത്രിയിൽ കാട്ടാനകളുടെയും പന്നിയുടേയും താണ്ഡവമാണ്.